പിച്ചില്‍ നിന്ന് മികച്ച ടേണ്‍ ലഭിച്ചതോടെ ജപ്പാന്‍ സ്പിന്നര്‍മാര്‍ ആദ്യ ഓവര്‍ മുതല്‍ ഇന്ത്യയെ വരിഞ്ഞുകെട്ടി.

ടോക്കിയോ: ഇന്ത്യക്കെതിരായ ടി20 മത്സരത്തില്‍ ജപ്പാന് 33 റണ്‍സ് വിജയലക്ഷ്യം. മഴ മൂലം അഞ്ചോവര്‍ വീതമാക്കി വെട്ടിക്കുറച്ച മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് അഞ്ചോവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 12 പന്തില്‍ 16 റണ്‍സെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. മലയാളി താരം സഞ്ജു സാംസണ്‍ 7 പന്തില്‍ 9 റണ്‍സെടുത്തപ്പോള്‍ മറ്റൊരു ഓപ്പണറായ അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കായി. ഇഷാന്‍ കിഷന്‍ ആറ് പന്തില്‍ 3 റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ 3 പന്തില്‍ ഒരു റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വൈഭവ് സൂര്യവംശി ഒരിക്കല്‍ കൂടി ബെഞ്ചിലിരുന്നപ്പോള്‍ അഭിഷേകും സഞ്ജുവുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. പിച്ചില്‍ നിന്ന് മികച്ച ടേണ്‍ ലഭിച്ചതോടെ ജപ്പാന്‍ സ്പിന്നര്‍മാര്‍ ആദ്യ ഓവര്‍ മുതല്‍ ഇന്ത്യയെ വരിഞ്ഞുകെട്ടി. ഇടം കൈയന്‍ സ്പിന്നര്‍ ചാര്‍ളി ഹരാരെ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ 5 പന്തുകളും നേരിട്ട സഞ്ജു സാംസണ്‍ 7 റണ്‍സെടുത്തപ്പോള്‍ അവസാന പന്ത് നേരിട്ട അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഓഫ് സ്പിന്നറായ ഇബ്രാഹിം തകാഷി എറിഞ്ഞ രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ സഞ്ജു സാംസണ്‍ ക്യാച്ച് നല്‍കി പുറത്തായി.

രണ്ടോവര്‍ കഴിഞ്ഞപ്പോള്‍ 12 റണ്‍സ് മാത്രമായിരുന്നു ഇന്ത്യൻ സ്കോര്‍ ബോര്‍ഡിൽ. മൂന്നാം ഓവറില്‍ ഇഷാൻ കിഷനും പുറത്തായതോടെ ഇന്ത്യ പതറി. അവസാന ഓവറില്‍ ശ്രേയസ് അയ്യരും പുറത്തായതോടെ ഇന്ത്യ 32 റണ്‍സിലൊതുങ്ങി.ഇന്ത്യൻ ഇന്നിംഗ്സില്‍ രണ്ടേ രണ്ട് ബൗണ്ടറി മാത്രമാണുണ്ടായിരുന്നത്. ഒരെണ്ണം സഞ്ജു സാംസണിന്‍റെ ബാറ്റില്‍ നിന്നും മറ്റൊരെണ്ണം ശ്രേയസ് അയ്യരുടെ ബാറ്റില്‍ നിന്നുമായിരുന്നു ബൗണ്ടറികള്‍. ഒറ്റ സിക്സ് പോലും നേടാന്‍ ലോകോത്തര താരങ്ങളടങ്ങിയ ഇന്ത്യൻ ബാറ്റിംഗ് നിരക്കായില്ല. ജപ്പാന് വേണ്ടി രണ്ടോവറില്‍ 17 റണ്‍സ് വഴങ്ങി ചാര്‍ളി ഹരാ ഹിന്‍സെ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഇബ്രാഹിം തകാഷിയും ബെഞ്ചമിന്‍ ഡേവിസും ഓരോ വിക്കറ്റ് വീതമെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക