സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റിലെ പേസ് ബൗളിങ് വകുപ്പിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയ ബൗളര്‍മാരില്‍ ഒരാളാണ് ജസ്പ്രീത് ബുമ്ര. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ എന്നിവര്‍ക്കെല്ലാം ഇന്ത്യന്‍ പേസ് വകുപ്പിനെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ വ്യക്തമായ പങ്കുണ്ട്. അടുത്തിടെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന ബൗളറാണ് ബുമ്ര.

ബുമ്രയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ജേസണ്‍ ഗില്ലസ്പി. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ക്കിടയിലായിരിക്കും ബുമ്രയുടെ സ്ഥാനമെന്ന് ഗില്ലസ്പി വ്യക്തമാക്കി. ''ഏറ്റവും മികച്ച പേസ് നിരയാണ് ഇന്ത്യക്കിപ്പോഴുള്ളത്. ഏറെ നാളുകള്‍ക്ക് ശേഷം മികച്ച പേസര്‍മാരെയാണ് ഇന്ത്യക്ക് ലഭിച്ചിട്ടുള്ളത്. ഇവര്‍ക്ക് മുന്‍പ് വന്നവരോട് എല്ലാ ആദരവും നിലനിര്‍ത്തി കൊണ്ട് തന്നെയാണ് ഇത് പറയുന്നത്. ഫാസ്റ്റ് ബൗളിങ്ങില്‍ അവരെല്ലാം അവരുടേതായ ശൈലി കൊണ്ടുവന്നു.

മൂന്ന് ഫോര്‍മാറ്റിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന ബുമ്ര ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായിട്ടായിരിക്കും പടിയിറങ്ങുക. മുഹമ്മദ് ഷമിയും വലിയ മികവ് കാണിക്കുന്നു. സാഹചര്യങ്ങളോടെ വളരെ പെട്ടന്ന് ഇണങ്ങിച്ചേരുന്ന താരമാണ് ഇശാന്ത്. ഭുവനേശ്വറും ഉമേഷ് യാദവും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ കെല്‍പ്പുള്ളവരാണ്.

മുമ്പ് ഇത്രത്തോളം കരുത്തേറിയ പേസ്‌നിര ഇന്ത്യക്ക് ഉണ്ടായിരുന്നില്ല. ജവഗല്‍ ശ്രീനാഥും സഹീര്‍ ഖാനും മാത്രമാണ് എടുത്തുപറയാന്‍ കഴിയുന്ന താരങ്ങള്‍.'' ഗില്ലസ്പി പറഞ്ഞുനിര്‍ത്തി.