പന്ത്രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ഷായുടെ കാലു തകര്‍ക്കുന്നൊരു യോര്‍ക്കറില്‍ ബുമ്ര ആ ഇന്നിംഗ്സ് അവസാനിപ്പിച്ചു.

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡല്‍ഹി ക്യാപിറ്റല്‍സിന് തുടക്കത്തിലെ ഡേവിഡ് വാര്‍ണറെ നഷ്ടമായതോടെ പൊരുതി നിന്ന് പ്രതീക്ഷ നല്‍കിയത് പൃഥ്വി ഷായുടെ പ്രകടനമായിരുന്നു. 40 പന്തില്‍ 60 റണ്‍സടിച്ച പൃഥ്വി ഷാക്കൊപ്പം അഭിഷേക് പോറലും പൊരുതിയതോടെ 11-ാം ഓവറില്‍ 100 പിന്നിട്ട ഡല്‍ഹിക്ക് നേരിട പ്രതീക്ഷയായി. 31 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പൃഥ്വി ഷാ ജെറാള്‍ഡ് കോയെറ്റ്സിയെ തകര്‍ത്തടിച്ച് മുംബൈയെ പ്രതിരോധത്തിലാക്കിയിരുന്നു.

എന്നാല്‍ ഈ സമയത്താണ് മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തന്‍റെ വജ്രായുധത്തെ പന്തേല്‍പ്പിച്ചത്. മറ്റാരുമല്ല, ജസ്പ്രീത് ബുമ്രയെ. പന്ത്രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ഷായുടെ കാലു തകര്‍ക്കുന്നൊരു യോര്‍ക്കറില്‍ ബുമ്ര ആ ഇന്നിംഗ്സ് അവസാനിപ്പിച്ചു. കാലിനെ ലക്ഷ്യമാക്കി വന്ന മരണയോര്‍ക്കറില്‍ പാദം തകതരാതിരിക്കാന്‍ കാലുപൊക്കിയ ഷായുടെ ലെഗ് സ്റ്റംപ് നിലംപൊത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒലി പോപ്പിനെ ക്ലീന്‍ ബൗള്‍ഡാക്കിയ യോര്‍ക്കറിനോട് സമാനമായിരുന്നു പൃഥ്വി ഷായെ വീഴ്ത്തിയ യോര്‍ക്കറും. പൃഥ്വിക്ക് പിന്നാലെ പൊരുതി നോക്കിയ പോറലിനെയും ബുമ്ര തന്നെ മടക്കി.

ടി20 ക്രിക്കറ്റിൽ തന്നെ ആദ്യം, ടീം ഇന്ത്യക്ക് പോലുമില്ലാത്ത അപൂർവ നേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

ട്രൈസ്റ്റൻ സ്റ്റബസ് തകര്‍ത്തടിച്ചു ക്രീസില്‍ നില്‍ക്കുമ്പോള്‍ തിനെട്ടാം ഓവര്‍ എറിയാനെത്തിയ ബുമ്ര ആകെ വഴങ്ങിയത് ഒരു ബൗണ്ടറി ഉള്‍പ്പെടെ എട്ട് റണ്‍സ് മാത്രമായിരുന്നു. 25 പന്തില്‍ 71 റണ്‍സടിച്ച സ്റ്റബ്സിന്‍റെയും ഡല്‍ഹിയുടെയും പ്രതീക്ഷ നശിപ്പിച്ച ഓവറായിരുന്നു അത്. 200 റണ്‍സിലേറെ ഡല്‍ഹി അടിച്ചെങ്കിലും ബുമ്ര നാലോവറില്‍ 22 റണ്‍സ് മാത്രമാണ് വഴങ്ങിയത്.

Scroll to load tweet…

ഇന്ന് രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ മുംബൈക്കായി 150 വിക്കറ്റ് തികച്ച ജസ്പ്രീത് ബുമ്ര ഐപിഎല്ലില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമായിരുന്നു. ലസിത് മലിംഗ(171), സുനില്‍ നരെയ്ന്‍(166) എന്നിവരാണ് ബുമ്രക്ക് മുന്നിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക