ഒരു വര്‍ഷത്തോളമായി ജസ്പ്രീത് ബുമ്ര ടീം ഇന്ത്യക്കായി കളിച്ചിട്ട്. നാളുകളായി അലട്ടിയിരുന്ന പുറംവേദനയ്‌ക്ക് താരം ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു.
ബെംഗളൂരു: പരിക്കിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ കഠിന പരിശ്രമം നടത്തുമ്പോഴും പേസര്‍ ജസ്പ്രീത് ബുമ്രയുടെ മടങ്ങിവരവിന്‍റെ കാര്യത്തില്‍ അവ്യക്തത. ഏഷ്യാ കപ്പിന് മുമ്പ് അയര്‍ലന്‍ഡിന് എതിരായ ടി20 പരമ്പരയിലൂടെ ബുമ്ര മടങ്ങിയെത്തും എന്നായിരുന്നു ഏവരും കരുതിയിരുന്നത് എങ്കിലും ഇക്കാര്യത്തില്‍ വ്യക്തത ഇതുവരെയായിട്ടില്ല. ദിവസവും ഏഴ് ഓവര്‍ താരത്തിന് എറിയാനാവുന്നുണ്ട് എന്നത് ആശ്വാസമാണ്.
ഒരു വര്‍ഷത്തോളമായി ജസ്പ്രീത് ബുമ്ര ടീം ഇന്ത്യക്കായി കളിച്ചിട്ട്. നാളുകളായി അലട്ടിയിരുന്ന പുറംവേദനയ്‌ക്ക് താരം ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. ഇതിന് ശേഷം ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ തിരിച്ചുവരവിനായി കഠിന പരിശ്രമത്തിലാണ് താരം. ദിവസവും ഏഴ് ഓവര്‍ ബുമ്ര എറിയുന്നു. പരിശീലന മത്സരങ്ങളിലെ ഫിറ്റ്‌നസ് അനുസരിച്ചായിരിക്കും ബുമ്രയെ അയര്‍ലന്‍ഡ് പര്യടനത്തിലും ഏഷ്യാ കപ്പിലും ഉള്‍പ്പെടുത്തുക. ഓഗസ്റ്റില്‍ നടക്കുന്ന ഏഷ്യാ കപ്പ്, ലോകകപ്പിനുള്ള തയ്യാറെടുപ്പായി ബിസിസിഐ കണക്കാക്കുന്നതിനാല്‍ ബുമ്രക്ക് ടൂര്‍ണമെന്‍റില്‍ കളിക്കാനായേ മതിയാകൂ. ബുമ്രയുടെ മടങ്ങിവരവിന് കൃത്യമായ സമയം തീരുമാനിച്ചിട്ടില്ല എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
'ബുമ്രയുടെ മടങ്ങിവരവിന് സമയപരിധി തീരുമാനിച്ചിട്ടില്ല. അദേഹത്തിന്‍റെ ഫിറ്റ്‌നസ് പുരോഗതി വിലയിരുത്തിവരികയാണ്. ബുമ്ര നല്ല രീതിയില്‍ ഫിറ്റ്‌നസ് കൈവരിക്കുന്നു. ദിവസവും ഏഴ് ഓവര്‍ വീതം നെറ്റ്‌സില്‍ എറിയുന്നുണ്ട്. തുടക്കത്തില്‍ ചെറിയ വര്‍ക്കൗട്ടുകളും ബൗളിംഗ് സെഷനുകളുമായിരുന്നു ബുമ്രക്ക് നല്‍കിയിരുന്നത്. അടുത്ത മാസം കുറച്ച് പരിശീലന മത്സരങ്ങള്‍ എന്‍സിഎയില്‍ താരം കളിക്കും. അതിലൂടെയാവും ബുമ്രയുടെ ഫിറ്റ്‌നസ് കാര്യമായി പരിശോധിക്കുക' എന്നും ബിസിസിഐയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഓഗസ്റ്റ് 18, 20, 23 തിയതികളിലാണ് ടീം ഇന്ത്യയുടെ അയര്‍ലന്‍ഡ് ടി20കള്‍. പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
2022 ജൂണിലാണ് പുറംവേദന വീണ്ടും ജസ്‌പ്രീത് ബുമ്രയെ അലട്ടിത്തുടങ്ങിയത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം നഷ്ടപ്പെട്ടു. പിന്നാലെ വിന്‍ഡീസിനെതിരായ ഏകദിന പരമ്പര നഷ്‌ടമായ താരം ചികില്‍സകള്‍ക്കായി എന്‍സിഎയിലേക്ക് പോയി. കൃത്യസമയത്ത് പ്രശ്ന പരിഹരിക്കപ്പെടാതെ വന്നതോടെ താരത്തിന് ഏഷ്യാ കപ്പ് നഷ്‌ടമായി. ഇതിന് ശേഷം ടി20 ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ കളിച്ചെങ്കിലും പരിക്ക് കലശലായി ടീമില്‍ നിന്ന് പുറത്തായി. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതല്‍ ടീം ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര കളിച്ചിട്ടില്ല. ന്യൂസിലന്‍ഡില്‍ വച്ച് ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് ടി20 ലോകകപ്പും ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഉള്‍പ്പടെ നിരവധി പരമ്പരകളും ഐപിഎല്‍ 2023 സീസണും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്ടമായിരുന്നു.
Read more: ഏകദിന ലോകകപ്പ്: പാകിസ്ഥാന്‍റെ ഭീഷണിക്ക് വഴങ്ങി ഐസിസി, അവസാന നിമിഷ മാറ്റം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
