ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനെ ചൊല്ലി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏറെ നാടകീയ നീക്കങ്ങള്‍ നടത്തിയിരുന്നു

മുംബൈ: ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍റെ പിന്‍മാറ്റം ഒഴിവാക്കാന്‍ എല്ലാ ശ്രമങ്ങളുമായി ഐസിസി. ഏഷ്യന്‍ ടീമുകളുമായി വാംഅപ് മത്സരം വേണ്ട എന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആവശ്യം ഐസിസി അംഗീകരിച്ചു. ലോകകപ്പിന് തൊട്ടുമുമ്പ് നടക്കുന്ന ഏഷ്യാ കപ്പില്‍ ഏഷ്യന്‍ ടീമുകളുമായി മത്സരങ്ങള്‍ കളിക്കുന്നതിനാലാണിത് എന്നാണ് പിസിബിയുടെ വാദം. ഇതോടെ ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നീ കരുത്തരുമായാണ് പാകിസ്ഥാന്‍ ലോകകപ്പ് വാംഅപ് മത്സരങ്ങള്‍ കളിക്കേണ്ടിവരിക. 

ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനെ ചൊല്ലി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏറെ നാടകീയ നീക്കങ്ങള്‍ നടത്തിയിരുന്നു. അഹമ്മദാബാദില്‍ വച്ച് ഇന്ത്യ-പാക് ആവേശ മത്സരം നടത്തരുത് എന്ന് പിസിബി നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുംബൈയില്‍ വച്ച് മത്സരങ്ങള്‍ പാടില്ല എന്നും പിസിബി ആവശ്യപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ ഇന്ത്യ-പാക് മത്സരം മാറ്റാന്‍ ഐസിസി തയ്യാറായിട്ടില്ല. അതേസമയം മുംബൈയില്‍ പാകിസ്ഥാന്‍റെ മത്സരങ്ങള്‍ വച്ചുമില്ല. ലോകകപ്പിന് മുമ്പ് പാക് ടീം അയല്‍ക്കാരായ അഫ്‌ഗാനിസ്ഥാനുമായി ഹൈദരാബാദില്‍ വച്ച് ഔദ്യോഗിക വാംഅപ് മത്സരം കളിക്കേണ്ടിരുന്നതാണ്. എന്നാല്‍ ഏഷ്യാ കപ്പിന് പിന്നാലെ ഏഷ്യന്‍ ടീമുമായി സന്നാഹമത്സരം വേണ്ടെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ അറിയിച്ചു. ഇതാണിപ്പോള്‍ ഐസിസി അംഗീകരിച്ചിരിക്കുന്നത്. 

ഹൈദരാബാദില്‍ സെപ്റ്റംബര്‍ 29, ഒക്ടോബര്‍ 3 തിയതികളിലാണ് പാക് ടീമിന്‍റെ പരിശീലന മത്സരങ്ങള്‍. ഹൈദരാബാദിന് പുറമെ അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളാണ് ഗ്രൂപ്പ് ഘട്ടം അവസാനിക്കും വരെ പാകിസ്ഥാന്‍റെ മത്സരത്തിന് വേദിയാവുക. അഹമ്മദാബാദില്‍ കളിക്കാനാവില്ല എന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാട് ചോദ്യം ചെയ്‌ത് ഇതിഹാസ പേസര്‍ വസീം അക്രം നേരത്തെ രംഗത്തെത്തിയിരുന്നു. അഹമ്മദാബാദില്‍ കളിക്കില്ല എന്ന തരത്തിലുള്ള അനാവശ്യ പ്രസ്‌താവനകള്‍ എന്തിനെന്ന് അറിയില്ല. മത്സരം നിശ്ചയിച്ചിരിക്കുന്ന വേദികളില്‍ കളിക്കാന്‍ പാക് താരങ്ങള്‍ സന്നദ്ധമാകാനാണ് സാധ്യത എന്നുമായിരുന്നു അക്രമിന്‍റെ വാക്കുകള്‍.

Read more: ഏകദിന ലോകകപ്പ്: ടിക്കറ്റ് വില്‍പന അടുത്ത ആഴ്‌ച മുതല്‍, ഹോട്ടലുകള്‍ക്ക് തീവില, ആരാധകര്‍ വലയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News