സിഡ്നി: ഓസ്ട്രേലിയക്കെതിരായ പിങ്ക് ടെസ്റ്റിന് മുന്നോടിയായുള്ള ത്രിദിന സന്നാഹമത്സരത്തില്‍ പിങ്ക് പന്തില്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത് അവസാന വിക്കറ്റില്‍ 71 റണ്‍സടിച്ച ജസ്പ്രീത് ബുമ്രയുടെയും മുഹമ്മദ് സിറാജിന്‍റെയും കൂട്ടുകെട്ടായിരുന്നു.

പത്താമനായി ക്രീസിലെത്തിയ ബുമ്ര 57 പന്തില്‍ ആറ് ഫോറും രണ്ട് സിക്സും പറത്തിയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്‍റെ ആദ്യ അര്‍ധസെഞ്ചുറി തികച്ചത്. സിക്സ് അടിച്ചായിരുന്നു ബുമ്ര അര്‍ധസെഞ്ചുറിയിലെത്തിയത്.

പിന്നീട് പന്തെറിയാനെത്തിയപ്പോഴാകട്ടെ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ഓസ്ട്രേലിയന്‍ ഓപ്പണര്‍ കൂടിയായ ജോ ബേണ്‍സിനെ ബുമ്ര വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിക്കുകയും ചെയ്തു. ഓസീസ് ഇന്നിംഗ്സിലെ രണ്ട് വിക്കറ്റാണ് ബുമ്ര മത്സരത്തില്‍ എറിഞ്ഞിട്ടത്.