രണ്ടാം ടി20യില്‍ അര്‍ഷ്ദീപിനെ ഇരുപതാം ഓവര്‍ എറിയിച്ച് അബദ്ധം ആവര്‍ത്തിക്കാന്‍ ബുമ്ര തയാറായില്ല. പകരം അവസാന ഓവര്‍ എറിയാനെത്തിയത് ക്യാപ്റ്റന്‍ തന്നെയായിരുന്നു.
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി അവസാന ഓവര്‍ എറിയാനെത്തിയത് അര്‍ഷ്ദീപ് സിംഗായിരുന്നു. അതുവരെ നന്നായി പന്തെറിഞ്ഞ അര്‍ഷ്ദീപ് അവസാന ഓവറില്‍ 22 റണ്‍സ് വഴങ്ങിയതോടെ 120ല്‍ ഒതുങ്ങുമായിരുന്ന അയര്‍ലന്‍ഡ് സ്കോര്‍ 139ല്‍ എത്തി. ഇന്ത്യന്‍ ഇന്നിംഗ്സ് തുടങ്ങിയപ്പോഴേക്കും മഴ കളിച്ചപ്പോള്‍ തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ രണ്ട് റണ്‍സ് ജയവുമായി തടിതപ്പി.
രണ്ടാം ടി20യില്‍ അര്‍ഷ്ദീപിനെ ഇരുപതാം ഓവര്‍ എറിയിച്ച് അബദ്ധം ആവര്‍ത്തിക്കാന്‍ ബുമ്ര തയാറായില്ല. പകരം അവസാന ഓവര്‍ എറിയാനെത്തിയത് ക്യാപ്റ്റന്‍ തന്നെയായിരുന്നു. 37 റണ്‍സായിരുന്നു ബുമ്രക്ക് പ്രതിരോധിക്കാനുണ്ടായിരുന്നത്. എന്നാല്‍ അവസാന പന്തില്‍ ലെഗ് ബൈ ബൗണ്ടറി മാത്രം വഴങ്ങിയ ബുമ്ര പൊരുതി നിന്ന മാര്‍ക് അഡയറിന്‍റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ലെഗ് ബൈ ബൗണ്ടറി ആയതിനാല്‍ ബുമ്രയുടെ ഓവര്‍ വിക്കറ്റ് മെയ്ഡിനായി.
ഇതോടെ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മെയ്ഡിന്‍ ഓവറുകള്‍ എറിയുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടവും ബുമ്ര പേരിലാക്കി. ടി20 ക്രിക്കറ്റില്‍ 10 മെയ്ഡിന്‍ ഓവറുകളുമായി ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് ബുമ്ര എത്തിയത്. എന്നാല്‍ ബുമ്രക്കും ഭുവിക്കും മുന്നിലുള്ളത് മറ്റൊരു ബൗളറാണ്. ഉഗാണ്ടയുടെ സ്പിന്നര്‍ ഫ്രാങ്ക് സുബുഗയാണ്. 15 മെയ്ഡിന്‍ ഓവറുകളാണ് സുബുഗ ടി20 ക്രിക്കറ്റില്‍ എറിഞ്ഞിട്ടുള്ളത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റുതുരാജ് ഗെയ്ക്‌വാദിന്‍റെ അര്‍ധസെഞ്ചുറിയുടെയും(57) മലയാളി താരം സഞ്ജു സാംസണിന്‍റെയും(40), റിങ്കു സിംഗിന്‍റെയും(38) ബാറ്റിംഗ് വെടിക്കെട്ടിന്‍റെയും കരുത്തില്‍ 185 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിംഗില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
