ബെംഗളൂരു: ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര പരിക്കില്‍ നിന്ന് അതിവേഗം മുക്തനാകുന്നുവെന്ന് സൂചന. 'ഉടന്‍ വരും'(Coming soon) എന്ന തലക്കെട്ടില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ബുമ്ര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബുമ്ര ജിമ്മില്‍ പരിശീലനം നടത്തുന്നതിന്‍റെ ചിത്രം സഹിതമാണ് ട്വീറ്റ്. 

എന്നാല്‍ ബുമ്ര എപ്പോള്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. ബംഗ്ലാദേശിനെതിരെ ആരംഭിക്കാനിരിക്കുന്ന ടി20, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ടീമില്‍ ബുമ്രയെ ഉള്‍പ്പെടുത്തിയിട്ടില്ല. ബുമ്രയ്‌ക്ക് പരിക്കേറ്റ വിവരം സെപ്റ്റംബര്‍ 24നാണ് ബിസിസിഐ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്‌ക്കുള്ള ടീമില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഉമേഷ് യാദവാണ് ബുമ്രക്ക് പകരം പന്തെറിഞ്ഞത്. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഉമേഷിനെ ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ നിലനിര്‍ത്തിയിട്ടുണ്ട്. മൂന്ന് ടി20കളും രണ്ട് ടെസ്റ്റുകളുമാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ കളിക്കുക. നവംബര്‍ മൂന്നിനാണ് പരമ്പര ആരംഭിക്കുന്നത്. ഇതിന് മുന്‍പ് ബുമ്രയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്ന് വ്യക്തമല്ല. 

അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കേ ബുമ്രയുടെ കാര്യത്തില്‍ സാഹസത്തിന് ബിസിസിഐ തയ്യാറല്ല. ഇതേത്തുടര്‍ന്ന് താരത്തെ വിദഗ്ധ പരിശോധനയ്‌ക്ക് ലണ്ടനിലേക്ക് അയച്ചിരുന്നു. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ്(എന്‍സിഎ) ഇപ്പോള്‍ ബുമ്ര ഫിറ്റ്നസ് വീണ്ടെടുക്കുന്നത്. ദീപാവലിക്ക് ശേഷം ബുമ്രയുടെ ആരോഗ്യം സംബന്ധിച്ച് കൂടുതല്‍ വിലയിരുത്തലുകള്‍ നടത്തുമെന്ന് എന്‍സിഎ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.