സിഡ്നി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയ കരുതിയിരിക്കേണ്ടത് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ ആണെന്ന് ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ്. ആക്ഷനിലും പേസിലും വേറിട്ട ബൗളറായ ബുമ്രയെ കരുതലോടെ കളിച്ചാല്‍ മാത്രമെ ഓസീസിന് പരമ്പര തിരിച്ചുപിടിക്കാനാവൂ എന്നും ഹേസല്‍വുഡ് പറഞ്ഞു.

പുതിയ പന്തിലും പഴയ പന്തിലും ഒരുപോലെ വേഗം കൈവരിക്കാനും വിക്കറ്റെടുക്കാനും കഴിയുന്ന ബുമ്രയുടെ പ്രകടനം പരമ്പരയില്‍ നിര്‍ണായകമാകും. ബുമ്രക്ക് വിക്കറ്റ് നല്‍കാതെ അദ്ദേഹത്തെ പന്തറിയിപ്പിച്ച് തളര്‍ത്തുക എന്ന തന്ത്രമാണ് ആദ്യ രണ്ട് ടെസ്റ്റുകളിലെങ്കിലും ഫലപ്രദമായ മാര്‍ഗം. അതായിരിക്കും പരമ്പരയില്‍ നിര്‍ണായകമാകുകയെന്നും ഹേസല്‍വുഡ് പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയുടെ പേസാക്രമണം വളരെയേറെ മെച്ചപ്പെട്ടുവെന്നും ഹേസല്‍വുഡ് വ്യക്തമാക്കി. കഴിഞ്ഞ പരമ്പരയില്‍ അവര്‍ ഞങ്ങളെ എറിഞ്ഞിട്ടു. അതിലവരുടെ പേസര്‍മാരുടെ പങ്ക് വളരെ വലുതാണ്. ഇഷാന്ത് ശര്‍മ കൂടി വരികയാണെങ്കില്‍ ഇന്ത്യന്‍ പേസാക്രമണത്തിന് മൂര്‍ച്ച കൂടുമെന്നും ഹേസല്‍വുഡ് വ്യക്തമാക്കി.

കഴിഞ്ഞ 10-15 വര്‍ഷത്തിനിടെ ഇന്ത്യന്‍ പേസാക്രമണം വളരെയേറെ മെച്ചപ്പെട്ടു. അതുകൊണ്ടുതന്നെ ഇത്തവണ പരമ്പരയില്‍ തിളങ്ങണമെങ്കില്‍ ഞങ്ങളുടെ ബാറ്റിംഗ് നിര ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുത്തെ മതിയാവു. ആഷസ് പരമ്പരയോളം പ്രാമുഖ്യമുള്ളതാണ് ഇപ്പോള്‍ ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയും. കഴിഞ്ഞ തവണ വന്നപ്പോള്‍ അവര്‍ ജയിച്ചു മടങ്ങി. ഓസ്ട്രേലിയയില്‍ ഒരുപാട് ടീമുകളൊന്നും അങ്ങനെ ജയിച്ച് മടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ പരമ്പരക്ക് വീറും വാശിയും ഏറുമെന്നും ഹേസല്‍വുഡ് വ്യക്തമാക്കി.

കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ 21 വിക്കറ്റാണ് ബുമ്ര വീഴ്ത്തിയത്. നേഥന്‍ ലിയോണൊപ്പം പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറും ബുമ്രയായിരുന്നു. ഇത്തവണ ഐപിഎല്ലില്‍ 27 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്തിയ ബുമ്ര മികച്ച ഫോമിലാണെന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.