വ്യക്തിപരമായ കാരണങ്ങളാല്‍ നാലാം ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബുമ്രയ്ക്ക് ട്വന്റി 20 പരന്പരയില്‍ വിശ്രമം നല്‍കിയിരുന്നു.

അഹമ്മദാബാദ്: ട്വന്റി 20 പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഫാസ്റ്റ് ബൗളര്‍ ജസ്പ്രിത് ബുമ്ര കളിച്ചേക്കില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ നാലാം ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബുമ്രയ്ക്ക് ട്വന്റി 20 പരന്പരയില്‍ വിശ്രമം നല്‍കിയിരുന്നു. ഇംഗ്ലണ്ടുമായി അഞ്ച് ട്വന്റി20യാണ് ഇന്ത്യ കളിക്കുക. തുടര്‍ന്നുള്ള മൂന്ന് ഏകദിനത്തിലും ബുമ്ര ടീമില്‍ തിരിച്ചെത്തിയേക്കില്ല. മാര്‍ച്ച് 23ന് പൂനെയിലാണ് ഏകദിന പരമ്പര ആരംഭിക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ കാണികളെ പ്രവേശിപ്പിക്കില്ല.

പരമ്പരയില്‍ ഇതുവരെ രണ്ട് ടെസ്റ്റ് മാത്രമാണ് ബുമ്ര കളിച്ചത്. ഒന്നാകെ 48 ഓവറുകള്‍ എറിഞ്ഞപ്പോള്‍ നാല് വിക്കറ്റുകളും വീഴ്ത്തി. നേരത്തെ രണ്ടാം ടെസ്റ്റിലും അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരുന്നു. പകല്‍- രാത്രി ടെസ്റ്റില്‍ ആറ് ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്. അതും ആദ്യ ഇന്നിങ്സില്‍. പിന്നാലെ സ്പിന്നര്‍മാര്‍ ആധിപത്യം ഏറ്റെടുത്തതോടെ പേസര്‍മാരെ ഉപയോഗിച്ചിരുന്നില്ല.

നാലാം ടെസ്റ്റില്‍ ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ബുമ്രയ്ക്ക് വിശ്രമം ലഭിച്ച രണ്ടാം ടെസ്റ്റില്‍ സിറാജാണ് കളിച്ചത്. എന്നാല്‍ പരിക്കിന് ശേഷം ടീമില്‍ തിരിച്ചെത്തിയ ഉമേഷ് യാദവിനേയും ടീമിലേക്ക് പരിഗണിച്ചേക്കും.

നാലാം ടെസ്റ്റിനുള്ള ടീം ഇവരില്‍ നിന്ന്: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഇശാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.