സിഡ്നി ടെസ്റ്റില്‍ 10 ഓവര്‍ മാത്രമെറിഞ്ഞ് പരിക്കേറ്റ് മടങ്ങിയെങ്കിലും പരമ്പരയുടെ താരമായി തെര‍ഞ്ഞെടുക്കപ്പെട്ടത് ജസ്പ്രീത് ബുമ്രയാണ്.

സിഡ്നി: സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ആറ് വിക്കറ്റ് ജയവുമായി 10 വര്‍ഷത്തെ ഇടവേളക്കുശേഷം ഓസ്ട്രേലിയ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി തിരിച്ചുപിടിച്ചപ്പോള്‍ കളിയിലെ താരമായത് ഓസ്ട്രേലിയന്‍ പേസര്‍ സ്കോര്‍ ബോളണ്ട്. മത്സരത്തില്‍ 10 വിക്കറ്റ് വീഴ്ത്തിയ ബോളണ്ടിന്‍റെ പ്രകടനമാണ് കളിയിലെ താരമാക്കിയത്. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 185 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ബോളണ്ട് 31 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 157 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 45 റണ്‍സ് വഴങ്ങിയാണ് ബോളണ്ട് ആറ് വിക്കറ്റ് വീഴ്തത്തിയത്. മത്സരത്തിലാകെ 76 റണ്‍സ് വഴങ്ങി 10 വിക്കറ്റെടുത്ത പ്രകടനമാണ് ബോളണ്ടിനെ കളിയിലെ താരമാക്കിയത്. ജോഷ് ഹേസല്‍വുഡിന് പരിക്കേറ്റതിനാല്‍ മാത്രമാണ് ബോളണ്ടിന് മെല്‍ബണിലും സിഡ്നിയിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. നേരത്തെ അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റിലും ബോളണ്ട് കളിച്ചിരുന്നു.

പരമ്പരയുടെ താരമായി ബുമ്ര

സിഡ്നി ടെസ്റ്റില്‍ 10 ഓവര്‍ മാത്രമെറിഞ്ഞ് പരിക്കേറ്റ് മടങ്ങിയെങ്കിലും പരമ്പരയുടെ താരമായി തെര‍ഞ്ഞെടുക്കപ്പെട്ടത് ജസ്പ്രീത് ബുമ്രയാണ്. പരമ്പരയിലാകെ അഞ്ച് ടെസ്റ്റുകളിലെ ഒമ്പത് ഇന്നിംഗ്സുകളില്‍ നിന്ന് 32 വിക്കറ്റെടുത്ത ബുമ്ര 13.06 ശരാശരിയിലും 2.76 എന്ന മോഹിപ്പിക്കുന്ന ശരാശരിയിലുമാണ് ഓസീസിനെ ഒറ്റക്ക് എറിഞ്ഞുവീഴ്ത്തിയത്. സിഡ്നിയില്‍ രണ്ടാം ഇന്നിംഗ്സില്‍ പരിക്കുമൂലം ബുമ്രക്ക് പന്തെറിയാനാവാഞ്ഞതാണ് ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ ഇല്ലാതാക്കിയത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച ബുമ്ര 295 റണ്‍സിന്‍റെ കൂറ്റന്‍ വിജയം സമ്മാനിക്കുകയും ചെയ്തിരുന്നു. സിഡ്നി ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ വിട്ടു നിന്നപ്പോള്‍ ബുമ്രയാണ് ഇന്ത്യയെ നയിച്ചത്. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സില്‍ 10 ഓവര്‍ എറിഞ്ഞ ബുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

Scroll to load tweet…

പരമ്പരയിലാകെ 32 വിക്കറ്റെടുത്ത ബുമ്ര വിദേശ പരമ്പരകളില്‍ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിന്‍റെ റെക്കോര്‍ഡും സ്വന്തമാക്കി. 1977-78ൽ ഓസ്ട്രേലിയക്കെതിരെ 31 വിക്കറ്റെടുത്ത ബിഷന്‍ സിംഗ് ബേദിയുടെ റെക്കോര്‍ഡാണ് ജസ്പ്രീത് ബുമ്ര ഇത്തവണ മറികടന്നത്. സിഡ്നി ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ഓസ്ട്രേലിയുടെ മാര്‍നസ് ലാബഷെയ്നിനെ പുറത്താക്കിയാണ് ബുമ്ര റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിനൊപ്പമെത്താനും ഇതോടെ ബുമ്രക്കായി. 2000-2001 പരമ്പരയില്‍ 32 വിക്കറ്റെടുത്ത ഹര്‍ഭജന്‍ സിംഗിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് ബുമ്ര എത്തിയത്. പെര്‍ത്തില്‍ 72 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റെടുത്ത ബുമ്ര അഡ്‌ലെയ്ഡില്‍ 63 റണ്‍സിന് നാലു വിക്കറ്റും ബ്രിസ്ബേനില്‍ 94 റണ്‍സ് വഴങ്ങി ഒമ്പത് വിക്കറ്റും മെല്‍ബണില്‍ 156 റണ്‍സ് വഴങ്ങി ഒമ്പത് വിക്കറ്റും സിഡ്നിയില്‍ രണ്ട് വിക്കറ്റും ബുമ്ര നേടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക