മൊഹാലി: പേസര്‍ ജസ്‌പ്രീത് ബുമ്രക്ക് ഇന്ത്യയിലും ടെസ്റ്റില്‍ തിളങ്ങാനാവുമെന്ന് മുന്‍ താരം അജിത് അഗാര്‍ക്കര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളാണ് ബുമ്രയുടെ കരിയറില്‍ സ്വന്തം മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര. 

എന്താണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ബുമ്ര ഉണ്ടാക്കിയ ചലനമെന്ന് ഏവര്‍ക്കമറിയാം. സ്വന്തം നാട്ടിലും ആ മികവ് തുടരാനാകുമെന്നാണ് പ്രതീക്ഷ. സ്‌പിന്നര്‍മാരാകും ഇന്ത്യയില്‍ മുന്‍തൂക്കം നേടുകയെന്നുറപ്പാണ്. എങ്കിലും ബുമ്രക്ക് സാഹചര്യങ്ങള്‍ പ്രശ്നമാകില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് പന്തെറിയാന്‍ ബുമ്രയ്‌ക്ക് ആവുമെന്നും മുന്‍ താരം വ്യക്തമാക്കി.

ബുമ്ര ഇതിനകം കളിച്ച 12 ടെസ്റ്റുകളും പേസിനെ പിന്തുണയ്‌ക്കുന്ന വിദേശ പിച്ചുകളിലായിരുന്നു. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും മൂന്ന് വീതം, ഓസ്‌ട്രേലിയയില്‍ നാല്, വെസ്റ്റ് ഇന്‍ഡീസില്‍ രണ്ട് മത്സരങ്ങള്‍ ഇവയാണ് ടെസ്റ്റ് കരിയറില്‍ ബുമ്ര കളിച്ചത്. അടുത്തിടെ നടന്ന വിന്‍ഡീസ് പര്യടനത്തില്‍ ഹാട്രിക്കടക്കം 13 വിക്കറ്റ് നേടിയിരുന്നു ബുമ്ര. 12 ടെസ്റ്റുകളില്‍ ബുമ്രക്ക് 62 വിക്കറ്റുകളുണ്ട്.