തടിച്ചി എന്ന് ആരാധകന്‍റെ കമന്‍റ്; 'കടക്ക് പുറത്ത്' പറഞ്ഞ് സഞ്ജന ഗണേശന്‍; പാഠപുസ്തകം മറിച്ചുനോക്കാന്‍ ഉപദേശം
നിങ്ങള്‍ മോശം പറഞ്ഞത് എന്‍റെ ശരീരത്തെ കുറിച്ചാണ്, കടക്ക് പുറത്ത്; കമന്‍റിട്ടയാളെ തുരത്തി സഞ്ജന ഗണേശന്‍
മുംബൈ: ബോഡി-ഷെയിമിങ് ചെയ്യുന്ന മോശം കമന്‍റിട്ട ആരാധകന് ചുട്ട മറുപടിയുമായി ടെലിവിഷന്‍ അവതാരക സഞ്ജന ഗണേശന്‍. ഇന്‍സ്റ്റഗ്രാമിലാണ് ആരാധകന്‍ സഞ്ജനയില്‍ നിന്ന് കണക്കിന് വാങ്ങിക്കൂട്ടിയത്. ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര സഞ്ജന ഗണേശന്‍റെ ഭര്‍ത്താവാണ്.
വാലന്‍റൈന്‍സ് ഡേയ്ക്ക് മുന്നോടിയായി ഇന്‍സ്റ്റഗ്രാമില്‍ ജസ്പ്രീത് ബുമ്രയും സഞ്ജന ഗണേശനും ചേര്‍ന്ന് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഒരു സലൂണില്‍ സമയം ചിലവഴിക്കുന്ന പരസ്യ വീഡിയോയായിരുന്നു ഇത്. എന്നാല്‍ ഇതിനടിയില്‍ ഒരു ആരാധകനിട്ട മോശം കമന്‍റ് സഞ്ജന ഗണേശന് അംഗീകരിക്കാനാവുന്നതായിരുന്നില്ല. കാണാന്‍ തടിച്ചിയായിരിക്കുന്നു എന്നായിരുന്നു ആരാധകന്‍റെ കമന്‍റ്. ഇതിനോട് സഞ്ജന ഗണേശന്‍റെ പ്രതികരണം ഇതായിരുന്നു. 'സ്കൂളിലെ സയന്‍സ് ടെക്സ്റ്റ് ബുക്ക് നിങ്ങള്‍ക്ക് ഓര്‍മ്മയില്ലെന്ന് തോന്നുന്നു. സ്ത്രീകളുടെ ശരീരത്തെ കുറിച്ചാണ് നിങ്ങള്‍ ഈ കമന്‍റ് പറയുന്നത്. കടക്ക് പുറത്ത്' ഇത്രയുമായിരുന്നു സഞ്ജനയുടെ വാക്കുകള്‍.
അറിയപ്പെടുന്ന ടെലിവിഷൻ അവതാരകയാണ് സഞ്ജന ഗണേശന്‍. 2014ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റായ സഞ്ജന സ്റ്റാര്‍ സ്പോര്‍ട്സിലൂടെ ഐപിഎല്ലിലെയും പ്രീമിയര്‍ ബാഡ്മിന്‍റണ്‍ ലീഗിലെയും അവതാരകയായി മുമ്പ് എത്തിയിട്ടുണ്ട്. റിയാലിറ്റി ടിവി ഷോ ആയ എം ടിവി സ്‌പ്ലിറ്റ്‌വില്ല-7ലെ മത്സരാര്‍ത്ഥിയായിരുന്നു.
അതേസമയം ജസ്പ്രീത് ബുമ്ര ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ തിരക്കിലാണ്. പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 15 പേരെ പുറത്താക്കി വിക്കറ്റ് വേട്ടയില്‍ ബുമ്ര തലപ്പത്താണ്. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സിലെ ആറ് വിക്കറ്റ് പ്രകടനം അടക്കം ആകെ 9 വിക്കറ്റുമായി ജസ്പ്രീത് ബുമ്രയായിരുന്നു കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. 15-ാം തിയതി രാജ്കോട്ടിലാണ് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം