പരിക്ക് മാറാതെയോ താരം പരിശീലന വീഡിയോ പങ്കുവെച്ചത്, എയറിലായി കെ എല്‍ രാഹുലും ബിസിസിഐ മെഡിക്കല്‍ സംഘവും
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ സ്പെഷ്യലിസ്റ്റ് ബാറ്റര്‍ കെ എല്‍ രാഹുല്‍ പുറത്തായിട്ടുണ്ട്. താരത്തിന്‍റെ പരിക്ക് പൂര്‍ണമായും മാറിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. രാഹുലിന്‍റെ ഫിറ്റ്നസിനെ കൃത്യമായി വിലയിരുത്തുന്നതില്‍ ബിസിസിഐ മെഡിക്കല്‍ സംഘം പരാജയപ്പെട്ടോ എന്ന ചോദ്യം സജീവമാണ്.
ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദില്‍ നടന്ന ഒന്നാം ടെസ്റ്റിനിടെയാണ് കെ എല്‍ രാഹുലിന് പരിക്കേറ്റത്. ഇതോടെ താരം വിശാഖപട്ടണം വേദിയായ രണ്ടാം ടെസ്റ്റില്‍ നിന്ന് പുറത്തായി. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് മടങ്ങിയ രാഹുല്‍ രാജ്കോട്ടിലെ മൂന്നാം ടെസ്റ്റ് ലക്ഷ്യമാക്കി ചികില്‍സയും പരിശീലനവും ആരംഭിച്ചു. മൂന്നാം ടെസ്റ്റിനുള്ള സ്ക്വാഡില്‍ രാഹുലിന്‍റെ പേര് പ്രഖ്യാപിച്ചപ്പോള്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും താരത്തെ കളിപ്പിക്കുക എന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. രാജ്കോട്ട് ടെസ്റ്റ് ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് രാഹുല്‍ സ്ക്വാഡില്‍ നിന്ന് പുറത്തായി. കെ എല്‍ രാഹുല്‍ 90 ശതമാനം ഫിറ്റ്നസ് വീണ്ടെടുത്തതായും ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ മേല്‍നോട്ടത്തില്‍ ഫിറ്റ്നസ് നന്നായി വീണ്ടെടുക്കുന്നുവെന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ ബിസിസിഐ വ്യക്തമാക്കിയത്. നാല്, അഞ്ച് ടെസ്റ്റുകളില്‍ കളിക്കുക ലക്ഷ്യമിട്ട് താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനം തുടരും എന്നും വാര്‍ത്താക്കുറിപ്പിലുണ്ട്.
എന്നാല്‍ കെ എല്‍ രാഹുലിന്‍റെ പരിക്കിനെ കുറിച്ച് കൃത്യമായ വിവരം ബിസിസിഐ മെഡിക്കല്‍ സംഘം നല്‍കുന്നുണ്ടോ എന്ന വിമര്‍ശനം ശക്തമാണ്. 'രാഹുലിന്‍റെ പരിക്ക് ഇത്രത്തോളം ഗുരുതരമാണ് എന്ന് മെഡിക്കല്‍ സംഘത്തിന് തുടക്കത്തിലെ മനസിലായിരുന്നോ. എന്തിനാണ് താരത്തെ ആദ്യം സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. പരിക്ക് പൂര്‍ണമായും മാറാതിരുന്നിട്ടും കെ എല്‍ രാഹുല്‍ എന്തിനാണ് ബാറ്റിംഗ് പരിശീലന വീഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച് തെറ്റായ സന്ദേശം ആളുകളില്‍ എത്തിച്ചത്' എന്നും ബിസിസിഐ ഉന്നതന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
നെറ്റ്സില്‍ നല്ല ഒഴുക്കോടെ ബാറ്റ് ചെയ്യുന്നതിന്‍റെ വീഡിയോ കഴിഞ്ഞ ഞായറാഴ്ച കെ എല്‍ രാഹുല്‍ ഇന്‍സ്റ്റ സ്റ്റോറിയായി പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. രാഹുലിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് തൊട്ടടുത്ത ദിവസം താരം സ്ക്വാഡില്‍ നിന്ന് പുറത്തായി. വിരാട് കോലിക്കൊപ്പം കെ എല്‍ രാഹുലും കളിക്കാത്തത് മൂന്നാം ടെസ്റ്റില്‍ ടീം ഇന്ത്യക്ക് തിരിച്ചടിയാണ്. രാഹുലിന് പകരം കര്‍ണാടക ബാറ്റര്‍ ദേവ്ദത്ത് പടിക്കലിനെയാണ് ബിസിസിഐ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി മൂന്നാം ടെസ്റ്റിനുള്ള സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
