അവസാന രണ്ട് ടെസ്റ്റിനുള്ള ടീമില്‍ ബുമ്ര തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കായികക്ഷമത വീണ്ടെടുക്കാന്‍ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമില്‍ പരിശീലനം തുടരുന്ന ബുമ്രയെ ടെസ്റ്റ് പരമ്പരയില്‍ തിരിക്കിട്ട് കളിപ്പിക്കേണ്ടെന്നാണ് ബിസിസിഐയുടെ തീരുമാനമെന്നാണ് സൂചന.

മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ. പരിക്കില്‍ നിന്ന് മോചിതനായശേഷം പൂര്‍ണ കായികക്ഷമത വീണ്ടെടുത്തെങ്കിലും ബുമ്ര ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെയാണ് സെലക്ടര്‍മാര്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അവസാന രണ്ട് ടെസ്റ്റിനുള്ള ടീമില്‍ ബുമ്ര തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കായികക്ഷമത വീണ്ടെടുക്കാന്‍ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമില്‍ പരിശീലനം തുടരുന്ന ബുമ്രയെ ടെസ്റ്റ് പരമ്പരയില്‍ തിരിക്കിട്ട് കളിപ്പിക്കേണ്ടെന്നാണ് ബിസിസിഐയുടെ തീരുമാനമെന്നാണ് സൂചന. ടെസ്റ്റ് പരമ്പരക്കുശേഷം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലോ ഐപിഎല്ലിലോ മാത്രമെ ബുമ്ര മത്സര ക്രിക്കറ്റില്‍ തരിച്ചെത്താനിടയുള്ളു.

കാട്ടിയതെല്ലാം മണ്ടത്തരം; പാറ്റ് കമ്മിന്‍സിനെ ശകാരിച്ച് മാത്യൂ ഹെയ്‌ഡന്‍

ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ ബുമ്രയെ തിരിക്കിട്ട് മത്സര ക്രിക്കറ്റിലേക്ക് തിരികെ കൊണ്ടുവരുന്നത് ഉചിതമല്ലെന്നാണ് ബിസിസിഐ നിലപാട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ ബുമ്രക്ക് ഏഷ്യാ കപ്പ് നഷ്ടമായിരുന്നു. പിന്നീട് ടി20 ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ടീമില്‍ തിരിച്ചെത്തിയ ബുമ്രക്ക് വീണ്ടും പരിക്കേറ്റതോടെ ടി20 ലോകകപ്പും നഷ്ടമായി.

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ആദ്യം ഉള്‍പ്പെടുത്തിയ ബുമ്രയെ പിന്നീട് ഒഴിവാക്കുകയായിരുന്നു. നിലവില്‍ പൂര്‍ണ കായികക്ഷമത വീണ്ടെടുത്ത ബുമ്ര നെറ്റ്സില്‍ പന്തെറിയുന്നുണ്ടെങ്കിലും ഓസ്ട്രേലിയക്കെതിരാ ടെസ്റ്റ് പരമ്പരയില്‍ കളിപ്പിക്കുന്നത് വീണ്ടും പരിക്കേല്‍ക്കാനുള്ള സാധ്യത കൂട്ടുമെന്നാണ് വിലയിരുത്തല്‍. ബുമ്രയുടെ അഭാവത്തില്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മുഹമ്മദ് ഷമിക്കൊപ്പം മുഹമ്മദ് സിറാജാണ് ആദ്യ ടെസ്റ്റില്‍ കളിക്കുന്നത്. ഉമേഷ് യാദവും ജയദേവ് ഉനദ്ഘട്ടും ആണ് ടീമിലെ മറ്റ് രണ്ട് പേസര്‍മാര്‍.