കറാച്ചി: കൊവിഡ് ബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണാര്‍ത്ഥം ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര വേണമെന്ന പാക് മുന്‍ പേസര്‍ ഷൊയൈബ് അക്തറുടെ പ്രസ്താവനയുടെ പേരില്‍ ഇരുരാജ്യങ്ങളിലെയും മുന്‍ താരങ്ങള്‍ പരസ്പരം പഴിചാരുന്നതിനിടെ ഇന്ത്യന്‍ പര്യടനത്തിലെ മനോഹരമായ അനുഭവങ്ങള്‍ പങ്കുവെച്ച് മുന്‍ പാക് താരം ജാവേദ് മിയാന്‍ദാദ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് മുമ്പ് പാക്കിസ്ഥാന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ മിയാന്‍ദാദ് ആരാധകരുമായി പങ്കുവെച്ചത്.

ബാംഗ്ലൂര്‍ ക്രിക്കറ്റ് ടെസ്റ്റിനിടെ വൈകുന്നേരങ്ങളില്‍ ഹോട്ടല്‍ മുറിയില്‍ ഇന്ത്യന്‍ താരങ്ങളും പാക്കിസ്ഥാന്‍ താരങ്ങളും ഒരുപാട് സമയം ഒരുമിച്ച് ചെലവഴിക്കാറുണ്ടായിരുന്നുവെന്ന് മിയാന്‍ദാദ് പറഞ്ഞു. ബാംഗ്ലൂര്‍ ടെസ്റ്റിനിടെ ഹോട്ടലില്‍ താമസിക്കുന്ന ഇരുടീമിലെയും കളിക്കാര്‍ക്ക് വൈകുന്നേരങ്ങളില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഹോളി സമയമായിരുന്നു അത്. അതുകൊണ്ടുതന്നെ ഞങ്ങള്‍ ഒരുമിച്ച് ഹോളി ആഘോഷിച്ചു. ഇരുടീമിലെയും കളിക്കാര്‍ പരസ്പരം നിറങ്ങള്‍ വാരി തേച്ചു. അതിലൊന്നും ആര്‍ക്കും ഒരു പരാതിയും ഉണ്ടായിരുന്നില്ല. എന്തിന് ക്യാപ്റ്റനായിരുന്ന ഇമ്രാന്‍ ഖാന്റെ റൂമില്‍ പോലും കയറി ഞങ്ങള്‍ അദ്ദേഹത്തിന്റെ മുഖത്ത് നിറങ്ങള്‍ തേച്ചു. ഇന്ത്യന്‍ താരങ്ങളെയും ഞങ്ങള്‍ വെറുതെ വിട്ടില്ല. അവര്‍ ഞങ്ങളെയും. അതിലൊന്നും ആര്‍ക്കും പരാതിയോ പരിഭവമോ ഇല്ലായിരുന്നു.

Also Read: ധോണിയല്ല, ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പറാവേണ്ടത് ആ താരം: ഗൗതം ഗംഭീര്‍

പിന്നീട് ഞങ്ങളെല്ലാവരും ഒരുമിച്ച് നീന്തല്‍ക്കുളത്തില്‍ സമയം ചെലവഴിച്ചു. പരസ്പരം പിടിച്ചുതള്ളിയും കളിയാക്കിയുമെല്ലാം ശരിക്കും ആസ്വദിച്ചു. റൂമില്‍ ഒളിച്ചിരിക്കുകയായിരുന്ന ഇന്നത്തെ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രിയെ തങ്ങളെല്ലാവരും ചേര്‍ന്ന് പിടിച്ചുകൊണ്ടുവന്ന് നീന്തല്‍ കുളത്തിലേക്ക് തള്ളിയിട്ടിട്ടുണ്ട്. എന്നെയും അതുപോലെ തള്ളിയിട്ടുണ്ട്. അതെല്ലാം ഞങ്ങള്‍ ശരിക്കും ആസ്വദിച്ചിരുന്നു. അതായിരുന്നു പാക്കിസ്ഥാന്റെ ഏറ്റവും മികച്ച ഇന്ത്യന്‍ പരമ്പര. കാരണം എല്ലാ ആഘോഷങ്ങളിലും ഞങ്ങള്‍ പരസ്പരം പങ്കെടുത്തു. അതിലൊരു തെറ്റും ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല.- മിയാന്‍ദാദ് പറഞ്ഞു. 

കൊവിഡ് ബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണാര്‍ത്ഥം ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര വേണമെന്ന പാക് മുന്‍ പേസര്‍ ഷൊയൈബ് അക്തറുടെ പ്രസ്താവനക്ക് ഇന്ത്യന്‍ മുന്‍ താരങ്ങളായ കപില്‍ ദേവും സുനില്‍ ഗവാസ്കറും മറുപടി നല്‍കിയപ്പോള്‍ അക്തറെ പിന്തുണച്ച് പാക് മുന്‍ താരം ഷാഹിദ് അഫ്രീദി രംഗത്തുവന്നിരുന്നു.