ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്. മോശം പ്രകടനം നടത്തിയിട്ടും താരങ്ങൾക്ക് ദേശീയ ടീമിൽ തുടർച്ചയായി അവസരം നൽകുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെയും മിയാൻദാദ് വിമർശിച്ചു. 

ഇപ്പോഴത്തെ പാകിസ്ഥാൻ ബാറ്റ്സ്‍മാൻമാർക്ക് ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണെങ്കിൽ ടീമിൽപ്പോലും ഇടംകിട്ടില്ല. ബൗളർമാർ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. മുൻകാല പ്രകടനം പരിഗണിക്കാതെ നിലവിലെ ഫോം നോക്കിയാണ് താരങ്ങളെ ടീമിലെടുക്കേണ്ടതെന്നും മിയാൻദാദ് പറഞ്ഞു.

Read more: ഐപിഎല്‍ ഉപേക്ഷിച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരിക ധോണിയും സഞ്ജുവും!

പാകിസ്ഥാനായി 12 വർഷം കൂടി കളിക്കാനാകുമെന്ന് പറഞ്ഞ അഹമ്മദ് ഷെഹസാദിന് മിയാന്‍ദാദ് മറുപടി നല്‍കി. 'പന്ത്രണ്ടല്ല, നിങ്ങള്‍ക്ക് 20 വർഷം കൂടി കളിക്കാനാകും. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് മാത്രം. ഫോം എല്ലാ ദിവസവും തുടർന്നാല്‍ ആർക്കും പുറത്താക്കാന്‍ കഴിയില്ല. മറ്റ് താരങ്ങളാണ് മികവ് കാട്ടുന്നതെങ്കില്‍ അവർക്ക് പ്രധാന്യം ലഭിക്കും' എന്നും അറുപത്തിരണ്ടുകാരനായ മുന്‍താരം കൂട്ടിച്ചേർത്തു. 

പാക്കിസ്ഥാനായി 124 ടെസ്റ്റുകൾ കളിച്ചിട്ടുള്ള മിയാൻദാദ് 8832 റൺസും 233 ഏകദിനങ്ങളിൽനിന്ന് 7381 റൺസും നേടിയിട്ടുണ്ട്. 

Read more: ഐപിഎല്ലില്‍ നിന്ന് സൂപ്പർ താരങ്ങളോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടേക്കും: റിപ്പോർട്ട്