ആദ്യം ജയ് ഷായുടെ നാക്കുപിഴച്ചതാണെന്ന് കരുതിയെങ്കിലും പിന്നീട് താന്‍ എന്തുകൊണ്ടാണ് രോഹിത്തിനെ ക്യാപ്റ്റനെന്ന് വിളിക്കുന്നതെന്ന് ജയ് ഷാ വിശദീകരിച്ചു.
മുംബൈ: ടി20 ക്രിക്കറ്റില്‍ നിന്നും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച രോഹിത് ശര്‍മ ഇന്ത്യയുടെ ഏകദിന ടീമില്‍ മാത്രമാണ് നിലവില്‍ കളിക്കുന്നത്. എന്നാല്‍ ഏകദിന ടീമില്‍ ഓപ്പണറായി മാത്രം കളിക്കുന്ന മുന്‍ നായകനെ ഐസിസി ചെയർമാനും മുന്‍ ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ അടുത്തിടെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. റിലയന്‍സ് ഫൗണ്ടേഷന്‍ ഇന്ത്യയുടെ ലോകകപ്പ് ജേതാക്കളെ ആദരിക്കാനായി സംഘടിപ്പിച്ച യുനൈറ്റഡ് ട്രയംഫ് ചടങ്ങിലാണ് ജയ് ഷാ രോഹിത്തിനെ ഇന്ത്യൻ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചത്.
ആദ്യം ജയ് ഷായുടെ നാക്കുപിഴച്ചതാണെന്ന് കരുതിയെങ്കിലും പിന്നീട് താന്‍ എന്തുകൊണ്ടാണ് രോഹിത്തിനെ ക്യാപ്റ്റനെന്ന് വിളിക്കുന്നതെന്ന് ജയ് ഷാ വിശദീകരിച്ചു. നമ്മുടെ ക്യാപ്റ്റൻ ഇവിടെ ഇരിക്കുന്നുണ്ട് എന്ന് ജയ് ഷാ പറഞ്ഞപ്പോള്‍ ചിരിയായിരുന്നു രോഹിത്തിന്‍റെ പ്രതികരണം. ഞാനദ്ദേഹത്തെ ക്യാപ്റ്റനെന്ന് മാത്രമെ വിളിക്കു, കാരണം ഇന്ത്യയെ രണ്ട് ഐസിസി കിരീടങ്ങളിലേക്ക് നയിച്ച നായകനാണ് അദ്ദേഹം. 2023ലെ ഏകദിന ലോകകപ്പില്‍ 10 മത്സരങ്ങളും ജയിച്ച് ഫൈനലിലെത്തിയ നമ്മള്‍ ആരാധകരുടെ ഹൃദയം ജയിച്ചെങ്കിലും കിരീടം കൈവിട്ടു. 2024 ഫെബ്രുവരിയില്‍ രാജ്കോട്ടില്‍ നടന്ന ചടങ്ങില്‍ ഞാന്‍ പറഞ്ഞിരുന്നു, അടുത്ത തവണ നമ്മള്‍ ആരാധകരുടെ ഹൃദയവും കിരീടവും ഒരുപോലെ സ്വന്തമാക്കുമെന്ന്. അത് ടി20 ലോകകപ്പ് കിരീടനേട്ടത്തിലൂടെ സംഭവിക്കുകയും ചെയ്തുവെന്നും ജയ് ഷാ പറഞ്ഞു.
2021ല്‍ വിരാട് കോലിയില്‍ നിന്ന് ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത രോഹിത് ശര്‍മ ഇന്ത്യയെ 56 മത്സരങ്ങളില്‍ നയിച്ചു, ഇതില്‍ 42 മത്സരങ്ങളിലും ജയിക്കാന്‍ ഇന്ത്യക്കായി. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച രോഹിത് 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം സമ്മാനിച്ചു.പിന്നാലെ 2025ലെ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയെ ജേതാക്കളാക്കി. 62 ടി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച രോഹിത്തിന് കീഴില്‍ 49 മത്സരങ്ങളിലും ഇന്ത്യ ജയിച്ചു. ടി20യില്‍ 79.03 ശതമാനമുള്ള രോഹിത്താണ് വിജയശതമാനത്തില്‍ ഏറ്റവും മുന്നിലുള്ള നായകന്‍.


