ആഷസില്‍ 358 റണ്‍സടിച്ച ബ്രൂക്ക് ഇംഗ്ലണ്ടിന്‍റെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായെങ്കിലും 10 ഇന്നിംഗ്സില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ മാത്രമാണ് നേടിയത്.

സിഡ്നി: ആഷസ് പരമ്പരയിലെ ദയനീയ തോൽവിക്കു പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായ ഹാരി ബ്രൂക്കിന് കനത്ത തിരിച്ചടി. ആഷസിന്‌ മുൻപ് നടന്ന ന്യൂസീലൻഡ് പര്യടനത്തിനിടെ മദ്യപിച്ച് ലക്കുകെട്ട് നൈറ്റ് ക്ലബ്ബിൽ കയറാൻ ശ്രമിക്കുകയും ബൗണ്‍സര്‍മാരുമായി കൈയാങ്കളി നടത്തുകയും ചെയ്ത സംഭവത്തില്‍ കരാർ ചട്ടങ്ങൾ ലംഘിച്ചതിന് ബ്രൂക്കിന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് 30000 പൗണ്ട് പിഴയിട്ടു. സംഭവത്തില്‍ ബ്രൂക്ക് കഴിഞ്ഞ ദിവസം നിരുപാധികം മാപ്പു പറഞ്ഞതോടെ അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ ബ്രൂക്ക് ക്യാപ്റ്റൻ സ്ഥാനത്തു തുടരും. തന്‍റെ നടപടി വ്യക്തിപരമായും ഇംഗ്ലണ്ട് ടീമിനും നാണക്കേടുണ്ടായിക്കെയെന്നും ബ്രൂക്ക് സമ്മതിച്ചിരുന്നു.

നവംബർ ഒന്നിന് വെല്ലിങ്ടണിൽ, ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിന്‍റെ തലേന്നായിരുന്നു വിവാദ സംഭവം നടന്നത്. അമിതമായി മദ്യപിച്ച ശേഷം നൈറ്റ് ക്ലബ്ബിൽ കയറാൻ ശ്രമിച്ച ബ്രൂക്കിനെ, അവിടത്തെ ബൗൺസർ തടയുകയായിരുന്നു. തുടർന്ന് ബ്രൂക്കും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ വാഗ്വാദമുണ്ടാകുകയും കയ്യാങ്കളിയായി മാറുകയുമായിരുന്നു. സംഭവത്തില്‍ പരിക്കൊന്നും പറ്റിയില്ലെങ്കിലും ബ്രൂക്ക് തന്നെയാണ് ഈ സംഭവം ടീമിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടര്‍ന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ബ്രൂക്കിനെ താക്കീത് ചെയ്തു. പിറ്റേന്ന് നടന്ന മൂന്നാം ഏകദിനത്തില്‍ രണ്ട് വിക്കറ്റിന് തോറ്റ ഇംഗ്ലണ്ട് മൂന്ന് മത്സര ഏകദിന പരമ്പരയില്‍ 0-3ന്‍റെ സമ്പൂര്‍ണ തോല്‍വി വഴങ്ങുകയും ചെയ്തു.

ആഷസ് പരമ്പരയ്ക്കിടെയും ഇംഗ്ലണ്ട് താരങ്ങളുടെ അമിത മദ്യപാനം വിവാദമായിരുന്നു. ആഷസില്‍ 358 റണ്‍സടിച്ച ബ്രൂക്ക് ഇംഗ്ലണ്ടിന്‍റെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായെങ്കിലും 10 ഇന്നിംഗ്സില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ മാത്രമാണ് നേടിയത്. വിവാദങ്ങള്‍ക്കിടയിലും വൈറ്റ് ബോള്‍ ക്യാപ്റ്റൻ സ്ഥാനം നിലനിര്‍ത്തിയ ബ്രൂക്ക് ഇംഗ്ലണ്ട് ടീമിനൊപ്പം അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിനായി ഈ മാസം 19ന് ശ്രീലങ്കയിലേക്ക് തിരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക