ജയ് ഷാ ഐസിസി ചെയര്‍മാനായേക്കും! തെരഞ്ഞെടുപ്പ് നവംബറില്‍; ബിസിസിഐ സെക്രട്ടറി സ്ഥാനൊഴിയും
ഈ വര്‍ഷം നവംബറിലാണ് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.
ദുബായ്: ബിസിസിഐ സെക്രട്ടറി ജയ് ഷാ പുതിയ ഐസിസി ചെയര്‍മാനായേക്കും. നിലവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയാണ് ജയ് ഷാ. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. കഴിഞ്ഞ ജനുവരിയില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ജയ് ഷായെ ഐസിസിയുടെ അടുത്ത ചെയര്‍മാനായി നാമനിര്‍ദേശം ചെയ്യാന്‍ തിരുമാനിച്ചിരുന്നു.
ഈ വര്‍ഷം നവംബറിലാണ് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പില്‍ ജയിച്ച് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തെത്തിയാല്‍ ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനവും ബിസിസിഐ സെക്രട്ടറി സ്ഥാനവും ഒഴിയും. 2021ലാണ് ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. എന്നാല്‍ അതിന് മുന്നോടിയായി ഈ പദവികള്‍ ജയ് ഷാ രാജിവെക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിന്റെ ഗ്രെഗ് ബാര്‍ക്ലേ ആണ് നിലവിലെ ഐസസി ചെയര്‍മാന്‍. 2020ലാണ് ബാര്‍ക്ലേ ഐസിസി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്.
2019ല്‍ 31-ാം വയസിലാണ് ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2009ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായാണ് ജയ് ഷാ ക്രിക്കറ്റ് ഭരണരംഗത്ത് വരുന്നത്. 2013ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി. ഇക്കാലയളവില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ നിര്‍മാണ മേല്‍നോട്ടം വഹിച്ചു.
2015ല്‍ ബിസിസിഐ ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കമ്മിറ്റി അംഗമായ ജയ് ഷാ 2019ല്‍ ബിസിസിഐ സെക്രട്ടറിയായി. 2021ലാണ് ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റായത്.