അഹമ്മദാബാദ്: ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ ടീമും സെക്രട്ടറി ജയ് ഷായുടെ ടീമും തമ്മില്‍ നടന്ന സൗഹൃദ ക്രിക്കറ്റ് മത്സരത്തില്‍ ജയ് ഷായുടെ ടീമിന് 28 റണ്‍സ് ജയം. നാളെ നടക്കുന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തിന് മുന്നോടിയായാണ് അഹമ്മദാബാദിലെ നവീകരിച്ച മൊട്ടേര സ്റ്റേഡിയത്തില്‍  സൗഹൃദ മത്സരം സംഘടിപ്പിച്ചത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജയ് ഷായുടെ ടീം 12 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സടിച്ചപ്പോള്‍ ഗാംഗുലിയുടെ ടീമിന് 12 ഓവറില്‍ 100 റണ്‍സടിക്കാനെ കഴിഞ്ഞുള്ളു. ജയ് ഷായുടെ ടീമിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ 22 പന്തില്‍ 37 റണ്‍സടിച്ച് റിട്ടയര്‍ ഹര്‍ട്ടായപ്പോള്‍ ജയ്ദേവ് ഷാ 38 റണ്‍സുമായി ടോപ് സ്കോററായി.

129 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗാംഗുലിയുടെ ടീമിനെ പുറത്താകാതെ 53 റണ്‍സടിച്ച് പ്രസിഡന്‍റ് തന്നെ മുന്നില്‍ നിന്ന് നയിച്ചെങ്കിലും പിന്തുണ നല്‍കാന്‍ ആരുമില്ലായിരുന്നു. 39 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത ജയ് ഷാ ബൗളിംഗില്‍ തിളങ്ങുകയും ചെയ്തു. ജയ് ഷായുടെ പന്തില്‍ ഗാംഗുലി നല്‍കിയ ക്യാച്ച് ഫീല്‍ഡര്‍ കൈവിട്ടില്ലായിരുന്നുവെങ്കില്‍ മൂന്ന് വിക്കറ്റ് അദ്ദേഹം സ്വന്തമാക്കുമായിരുന്നു.

നാളെ നടക്കുന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ രണ്ട് ഐപിഎല്‍ ടീമുകളെ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.