മുംബൈ അവസാനം കളിച്ച നാലില്‍ മൂന്ന് മത്സരങ്ങളിലും രോഹിത് അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു
സീസണിലെ മോശം തുടക്കത്തിന് ശേഷം തിരിച്ചുവരവിന്റെ പാതയിലാണ് മുംബൈ ഇന്ത്യൻസ് താരം രോഹിത് ശര്‍മ. 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ദ്ധ സെഞ്ച്വറി ഉള്‍പ്പെടെ 293 റണ്‍സാണ് രോഹിത് ഇതുവരെ നേടിയത്. എന്നാല്‍, ഭൂരിഭാഗം മത്സരങ്ങളിലും ഇംപാക്ട് സബ്ബായാണ് രോഹിത് കളിച്ചത്. ഫീല്‍ഡിങ്ങിനായി താരം ഇറങ്ങിയത് ചുരുങ്ങിയ മത്സരങ്ങളില്‍ മാത്രമാണ്.
എന്നാല്‍ ഇതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് മുംബൈയുടെ മുഖ്യ പരിശീലകൻ കൂടിയായ മഹേല ജയവര്‍ധനെ. സീസണിന്റെ തുടക്കത്തിലെടുത്ത തീരുമാനമായിരുന്നില്ല അതെന്നും ജയവര്‍ധനെ വ്യക്തമാക്കി.
ചില മത്സരങ്ങളില്‍ രോഹിത് ഫീല്‍ഡിങ്ങിനിറങ്ങിയിരുന്നു. ടീം പരിശോധിക്കുകയാണെങ്കില്‍ കൂടുതല്‍ താരങ്ങളും ഒന്നിലധികം റോളുകള്‍ വഹിക്കുന്നുണ്ട്. ഭൂരിഭാഗം പേരും ബൗള്‍ ചെയ്യുന്നുണ്ട്. ചില മൈതാനങ്ങളില്‍ ബൗണ്ടറികളില്‍ വേഗതയോടെ ഓടാൻ കഴിയുന്ന താരങ്ങളുണ്ടാകണം. അത് പരിഗണിക്കപ്പെട്ടിട്ടുണ്ട്. ചാമ്പ്യൻസ്ട്രോഫിയില്‍ ചെറിയ പരുക്ക് രോഹിതിന് പറ്റിയിരുന്നു. അതുകൊണ്ട് തന്നെ രോഹിതിന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധ ചെലുത്തി, ജയവര്‍ധനെ വ്യക്തമാക്കി.
മൈതാനത്തുണ്ടെങ്കിലും ഇല്ലെങ്കിലും രോഹിത് തന്റെ ഉത്തരവാദിത്തം നിറവേറ്റുന്നുണ്ട്. നിങ്ങള്‍ നോക്കിയാല്‍ തന്നെ അറിയാനാകും. രോഹിത് വലിയ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ടൈം ഔട്ടിന്റെ സമയത്ത് അദ്ദേഹം മൈതാനത്ത് എത്തുന്നുണ്ട്. നമുക്ക് ലഭ്യമായ എല്ലാ ബൗളര്‍മാരും കളത്തിലുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഒരുപാട് സീനിയര്‍ താരങ്ങളും നിലനില്‍ക്കുന്നു. അതുകൊണ്ട് ടീം തിരഞ്ഞെടുപ്പും അല്‍പ്പം ബുദ്ധിമുട്ടുള്ള ഒന്നാണ്, ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു.
ആദ്യ അഞ്ച് മത്സരങ്ങളില്‍ നിന്ന ഒരു ജയം മാത്രമായിരുന്നു മുംബൈ നേടിയിരുന്നത്. പോയിന്റ് പട്ടികയില്‍ ഒൻപതാം സ്ഥാനത്തുമായിരുന്നു. എന്നാല്‍, ശേഷം കളിച്ച ആറില്‍ ആറും ജയിച്ചാണ് മുംബൈയുടെ കുതിപ്പ്. നിലവില്‍ 14 പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് മുൻ ചാമ്പ്യന്മാര്‍.
മുംബൈ അവസാനം കളിച്ച നാലില്‍ മൂന്ന് മത്സരങ്ങളിലും രോഹിത് അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു.


