പ്രഭ്‌സിമ്രന്റെ പ്രകടനം കാണാനുള്ള ഒരു അവസരവും സുര്‍ജിത് പാഴാക്കില്ലെന്നാണ് സത്വിന്ദര്‍പാല്‍ പറയുന്നത്
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനായി ഏറ്റവും സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന താരങ്ങളിലൊരാളാണ് പ്രഭ്‌സിമ്രൻ സിംഗ്. ഇതിനോടകം താരം 437 റണ്‍സ് 170.04 സ്ട്രൈക്ക് റേറ്റില്‍ നേടിയിട്ടുണ്ട്. പ്രഭ്‌സിമ്രൻ ബൗളര്‍മാരെ നിരന്തരം ബൗണ്ടറി കടത്തുമ്പോഴും പുരസ്കാരങ്ങള്‍ വാരിക്കൂട്ടുമ്പോഴും അതിന് പിന്നില്‍ നീറുന്ന ചില വേദനകള്‍ക്കൂടിയുണ്ട്. പ്രഭ്‌സിമ്രന്റെ പിതാവ് സര്‍ദാര്‍ സുര്‍ജിത് സിംഗ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍മൂലം ജീവിതത്തോട് മല്ലിടുകയാണ്. സുര്‍ജിതിന്റെ രണ്ട് വൃക്കകളും തകരാറിലാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആശ്വാസമിപ്പോള്‍ പ്രഭ്‌സിമ്രന്റെ മികച്ച പ്രകടനങ്ങള്‍ മാത്രമാണ്.
ഇന്നലെ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ 48 പന്തില്‍ 91 റണ്‍സുമായി പ്രഭ്‍സിമ്രൻ. ഇന്ന് രാവിലെ സുര്‍ജിതിന് അറിയേണ്ടിയിരുന്നത് ഒരേ ഒരു കാര്യം മാത്രമായിരുന്നു പ്രഭ്‌സിമ്രൻ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടോയെന്നത്. സുര്‍ജിതിന്റെ മുതിര്‍ന്ന സഹോദരനായ സത്വിന്ദര്‍പാല്‍ സിങ്ങിനെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
"ഒരു വാരത്തില്‍ മൂന്ന് തവണയാണ് സുര്‍ജിത് ഡയാലിസിസിന് വിധേയനാകുന്നത്. അവന്റെ വേദന ഞങ്ങള്‍ക്കാര്‍ക്കും സഹിക്കാൻ കഴിയുന്നില്ല. ഡോക്ടര്‍മാര്‍ ഡയാലിസിസിനായി വീട്ടിലെത്തുമ്പോള്‍ ഞാൻ പുറത്തേക്കി ഇറങ്ങിപോകും. അവന് വേണ്ടി പ്രാര്‍ത്ഥിക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തില്‍ ഇല്ല," സത്വിന്ദര്‍പാല്‍ പറഞ്ഞു.
പ്രഭ്‌സിമ്രന്റെ പ്രകടനം കാണാനുള്ള ഒരു അവസരവും സുര്‍ജിത് പാഴാക്കില്ലെന്നാണ് സത്വിന്ദര്‍പാല്‍ പറയുന്നത്. പ്രഭ്‌സിമ്രനെ സിമ്മുയെന്നാണ് സുര്‍ജിത് വിളിക്കുന്നത്.
"പഞ്ചാബ് കിംഗ്‌സിന്റെ മത്സരങ്ങള്‍ക്ക് മുൻപ് ഞാൻ സുര്‍ജിതിനെ സ്വീകരണമുറിയിലേക്ക് എത്തിക്കും. ഞങ്ങള്‍ ഒരുമിച്ചിരുന്ന് മത്സരം കാണും. സിമ്മുവിനെ സ്ക്രീനില്‍ കാണുമ്പോഴെല്ലാം അവൻ ചിരിക്കും. സിമ്മും റണ്‍സ് നേടുകയാണെങ്കില്‍ അവൻ പൊട്ടച്ചിരിക്കുകയും ചെയ്യും. ഈ നിമിഷങ്ങളില്‍ മാത്രമാണ് അവൻ വേദന മറക്കുന്നത്. സിമ്മു അനാവശ്യ ഷോട്ടുകള്‍ കളിക്കുകയാണെങ്കില്‍ അവൻ ദേഷ്യപ്പെടുകയും ചെയ്യുന്നത് കാണാം," സത്വിന്ദര്‍പാല്‍ കൂട്ടിച്ചേര്‍ത്തു.
4.8 കോടി രൂപയ്ക്കായിരുന്നു പ്രഭ്‌സിമ്രനെ പഞ്ചാബ് നിലനിര്‍ത്തിയത്. തന്റെ ഐപിഎല്‍ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തിരിക്കുന്നത്. നിലവില്‍ 11 കളികളില്‍ നിന്ന് 15 പോയിന്റുമായി പഞ്ചാബ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.


