ട്വന്റി 20 ചരിത്രത്തിലെ വേഗമേറിയ സെഞ്ച്വറികളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ രണ്ടെണ്ണവും യുവതാരത്തിന്റെ പേരിലാണ്
പരുക്കേറ്റ യുവതാരം വൻഷ് ബേദിക്ക് പകരക്കാരനെ കണ്ടെത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മറ്റൊരു യുവതാരമായ ഉര്‍വില്‍ പട്ടേലിനെയാണ് ചെന്നൈ ടീമിലെത്തിച്ചിരിക്കുന്നത്. ലിഗമെന്റിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് വൻഷ് ബേദിക്ക് സീസണ്‍ നഷ്ടമായിരിക്കുന്നത്.
അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് ഉര്‍വില്‍ ചെന്നൈ കുപ്പായമണിയുന്നത്. കരിയറില്‍ 47 ട്വന്റി 20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 1,162 റണ്‍സാണ് നേടിയിരിക്കുന്നത്. 2023 ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിന്റെ ഭാഗമായിരുന്നു ഉര്‍വില്‍.
സൗദിയില്‍ നടന്ന മെഗാ താരലേലത്തില്‍ ആരം വാങ്ങാതിരുന്ന താരമാണ് ഉര്‍വില്‍. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുണ്ട് താരത്തിന്. ട്വന്റി 20 ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി താരത്തിന്റെ പേരിലാണ്. ത്രിപുരയ്ക്കെതിരായ മത്സരത്തില്‍ ഗുജറാത്തിന് വേണ്ടി കളത്തിലിറങ്ങിയപ്പോള്‍ 28 പന്തിലാണ് ഉര്‍വില്‍ മൂന്നക്കം തൊട്ടത്.
സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ 35 പന്തില്‍ 113 റണ്‍സും താരം നേടിയിട്ടുണ്ട്. 12 സിക്സും ഏഴ് ഫോറുമാണ് ഇന്നിങ്സില്‍ പിറന്നത്. അന്ന് വിജയലക്ഷ്യമായി മുന്നിലുണ്ടായിരുന്ന 156 റണ്‍സ് 10 ഓവറില്‍ ഗുജറാത്ത് മറികടന്നിരുന്നു. ഉത്തരാഖണ്ഡിനെതിരെ 36 പന്തിലും താരം സെഞ്ച്വറി നേടിയിട്ടുണ്ട്.
ട്വന്റി 20 ചരിത്രത്തിലെ വേഗമേറിയ സെഞ്ച്വറികളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ രണ്ടെണ്ണവും യുവതാരത്തിന്റെ പേരിലാണ്.
അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിയ ചെന്നൈ തിരിച്ചടികളുടെ പാതയിലാണ്. 11 മത്സരങ്ങളില്‍ രണ്ട് ജയം മാത്രമാണ് നേടാനായത്. സീസണില്‍ ആദ്യം പുറത്തായ ടീമും ചെന്നൈ തന്നെയായിരുന്നു. റുതുരാജ് ഗെയ്ക്വാദ് പരുക്കേറ്റ് പുറത്തായതിന് ശേഷം ധോണി നായകസ്ഥാനത്തേക്ക് എത്തിയെങ്കിലും ചെന്നൈയെ വിജയവഴിയിലേക്ക് തിരിച്ചെത്തിക്കാനായില്ല.
ചിന്നസ്വാമിയില്‍ നടന്ന അവസാന മത്സരത്തില്‍ ബെംഗളൂരുവിനോട് രണ്ട് റണ്‍സിനായിരുന്നു പരാജയം. ചെന്നൈയുടെ അടുത്ത മത്സരം മേയ് ഏഴിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ്.


