ബാറ്റിംഗില്‍ 78 പന്തില്‍ 86 റണ്‍സെടുത്ത ജെമീമ റോഡ്രിഗസ് ‌‌ബൗളിംഗില്‍ 3.1 ഓവറില്‍ വെറും 3 റണ്‍സിന് 4 വിക്കറ്റും പേരിലാക്കി കളിയിലെ താരമായി

ധാക്ക: ഐതിഹാസിക പ്രകടനവുമായി ജെമീമ റോഡ്രിഗസ് ഞെട്ടിച്ചു, രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശ് വനിതകള്‍ക്കെതിരെ 108 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന വിജയവുമായി ഇന്ത്യന്‍ വനിതകളുടെ ശക്തമായ തിരിച്ചുവരവ്. 229 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് 35.1 ഓവറില്‍ 120 റണ്‍സില്‍ പുറത്തായി. ബാറ്റിംഗില്‍ 78 പന്തില്‍ 86 റണ്‍സെടുത്ത ജെമീമ റോഡ്രിഗസ് ‌‌ബൗളിംഗില്‍ 3.1 ഓവറില്‍ വെറും 3 റണ്‍സിന് 4 വിക്കറ്റും പേരിലാക്കി കളിയിലെ താരമായി. വെറും 14 റണ്‍സിന് അവസാന 7 വിക്കറ്റുകള്‍ ബംഗ്ലാദേശിന്‍റെ ഇന്ത്യ പിഴുതു. ഇതോടെ ഒരു ഏകദിനം അവശേഷിക്കേ പരമ്പര 1-1 എന്ന നിലയിലായി. ആദ്യ മത്സരം ബംഗ്ലാദേശ് മഴനിയമം പ്രകാരം 40 റണ്‍‌സിന് വിജയിച്ചിരുന്നു. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ കഴിഞ്ഞ മത്സരത്തിലെ ബാറ്റിംഗ് തകർച്ചയില്‍ നിന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ തിരിച്ചെത്തുകയായിരുന്നു. അർധസെഞ്ചുറികളുമായി ജെമീമ റോഡ്രിഗസും ഹർമന്‍പ്രീത് കൗറുമാണ് ഇന്ത്യയെ കാത്തത്. ഓപ്പണർ പ്രിയ പൂനിയയെ 7 റണ്‍സില്‍ നഷ്ടമായപ്പോള്‍ സഹ ഓപ്പണർ സ്മൃതി മന്ഥാന 36 റണ്‍സെടുത്തു. വിക്കറ്റ് കീപ്പറും മൂന്നാം നമ്പറുകാരിയുമായ യാസ്തിക ഭാട്യക്കും തിളങ്ങാനായില്ല. യാസ്തിക 15 റണ്‍സില്‍ റണ്ണൌട്ടായി. ഇതിന് ശേഷം 131 റണ്‍സിന്‍റെ നാലാം വിക്കറ്റ് കൂട്ടുകെട്ടുമായി ഹർമനും ജെമീമയും ടീമിനെ കരകയറ്റുകയായിരുന്നു. ടീം സ്കോർ 68ല്‍ നില്‍ക്കേ ക്രീസില്‍ ഒത്തുചേർന്ന ഇരുവരും 199 വരെ എത്തിച്ച ശേഷമാണ് പിരിഞ്ഞത്. 

ഹർമന്‍പ്രീത് 88 പന്തില്‍ 52 റണ്‍സ് നേടിയപ്പോള്‍ ജെമീമ 78 പന്തില്‍ 86 റണ്‍‌സുമായി ടോപ് സ്കോററായി. ഹർലീന്‍ ഡിയോളിന്‍റെ 36 പന്തിലെ 25 നിർണായകമായി. ദീപ്‍തി ശർമ്മ പൂജ്യത്തിനും സ്നേഹ് റാണ 1നും പുറത്തായപ്പോള്‍ 3 റണ്‍സുമായി അമന്‍ജോത് കൗർ പുറത്താവാതെ നിന്നു. ബംഗ്ലാ വനിതകള്‍ക്കായി സുല്‍ത്താന ഖാത്തൂനും നാഹിദ അക്തറും രണ്ട് വീതവും മറൂഫ അക്തറും റബേയ ഖാനും ഓരോ വിക്കറ്റും നേടി. 

മറുപടി ബാറ്റിംഗില്‍ ബംഗ്ലാ ഓപ്പണർമാരെ 14 റണ്‍സിനിടെ ഇന്ത്യന്‍ ‌‌ബൗളർമാർ മടക്കിയത് നിർണായകമായി. ഷാർമിന്‍ അക്തർ 2 ഉം മുർഷിത ഖാത്തൂന്‍ 12 ഉം റണ്‍സെടുത്താണ് മടങ്ങിയത്. ഇതിന് ശേഷം 81 പന്തില്‍ 47 നേടിയ ഫർഗാന ഹഖും 46 പന്തില്‍ 27 എടുത്ത റീതു മോണിയും മാത്രമാണ് പ്രതിരോധിക്കാന്‍ ശ്രമിച്ചുള്ളൂ. ജെമീമ റോഡ്രിഗസ് അവസാന ഓവറുകളില്‍ കെടുങ്കാറ്റാവുകയും ചെയ്തു. ലതാ മോണ്ടല്‍ 9 ഉം ക്യാപ്റ്റന്‍ നിഗാർ സുല്‍ത്താന 3 ഉം റബേയ ഖാന്‍ 1 ഉം നാഹിദ അക്തർ 2 ഉം സുല്‍ത്താന ഖാത്തൂന്‍ 0 ഉം മറൂഫ അക്തർ 1 ഉം റണ്‍സില്‍ പുറത്തായി. 6* റണ്‍സുമായി ഫാത്തിമ ഖാത്തൂന്‍ പുറത്താവാതെ നിന്നു. ജെമീമക്ക് പുറമെ ദേവിക വൈദ്യ മൂന്നും മേഘ്ന സിംഗും ദീപ്തി ശർമ്മയും സ്നേഹ് റാണയും ഓരോ വിക്കറ്റും പേരിലാക്കി. 

Read more: ജോസ് ദി ബോസ്; പാകിസ്ഥാനെതിരെ ധ്രുവ് ജൂരെല്‍ കീപ്പ് ചെയ്യുന്നത് ബട്‍ലർ സമ്മാനിച്ച ഗ്ലൗവുമായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം