രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരായ മത്സരത്തിന്റെ ആദ്യ ദിനം ജാർഖണ്ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തു. സെഞ്ച്വറി നേടിയ ശിഖർ മോഹന്റെയും അർധസെഞ്ച്വറി നേടിയ ഉത്കർഷ് സിങ്ങിന്റെയും ബാറ്റിംഗാണ് ജാർഖണ്ഡിന് കരുത്തായത്.
ജംഷഡ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ജാര്‍ഖണ്ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെന്ന നിലയില്‍. ഒരു ഘട്ടത്തില്‍ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ജാര്‍ഖണ്ഡിന്റെ നാല് വിക്കറ്റുകള്‍ വീഴ്ത്തി അവസാന സെഷനില്‍ ശക്തമായി തിരിച്ചുവരികയായിരുന്നു കേരളം. സെഞ്ച്വറി നേടിയ ശിഖര്‍ മോഹനാണ് ജാര്‍ഖണ്ഡിന്റെ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ജാര്‍ഖണ്ഡിന് ഓപ്പണര്‍മാരായ ശിഖര്‍ മോഹനും ശരണ്‍ദീപ് സിങ്ങും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 87 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 33 റണ്‍സെടുത്ത ശരണ്‍ദീപിനെ ജലജ് സക്‌സേന ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ഉത്കര്‍ഷ് സിങ്ങും ശിഖര്‍ മോഹനും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 163 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ജലജ് സക്‌സേനയെ സിക്‌സര്‍ പറത്തി ശിഖര്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ അര്‍ധസെഞ്ച്വറിയുമായി ഉത്കര്‍ഷ് സിങ്ങും ബാറ്റിങ് തുടര്‍ന്നു. ചായയ്ക്ക് പിരിയുമ്പോള്‍ ഒരു വിക്കറ്റിന് 228 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ജാര്‍ഖണ്ഡ്.
എന്നാല്‍ അവസാന സെഷന്റെ തുടക്കത്തില്‍ തന്നെ ശിഖര്‍ മോഹനെ പുറത്താക്കി വൈശാഖ് ചന്ദ്രന്‍ കേരളത്തിന് നിര്‍ണായക വഴിത്തിരിവ് സമ്മാനിച്ചു. 143 റണ്‍സെടുത്ത ശിഖര്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഉത്കര്‍ഷ് സിങ്ങിന്റെ വിക്കറ്റും ജാര്‍ഖണ്ഡിന് നഷ്ടമായി. 71 റണ്‍സെടുത്ത ഉത്കര്‍ഷ്, ജലജ് സക്‌സേനയുടെ പന്തില്‍ സച്ചിന്‍ ബേബി ക്യാച്ചെടുത്താണ് പുറത്തായത്. തുടര്‍ന്നെത്തിയ റോബിന്‍ മിന്‍സ് (10) വൈശാഖ് ചന്ദ്രന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. പത്ത് റണ്‍സെടുത്ത മുഹമ്മദ് കുനെയ്ന്‍ ഖുറേഷിയെയും വൈശാഖ് ചന്ദ്രന്‍ തന്നെ പുറത്താക്കി. കളി നിര്‍ത്തുമ്പോള്‍ 12 റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് സിങ്ങും അഞ്ച് റണ്‍സോടെ ആദിത്യ ചന്ദ്രേഷ് സിങ്ങുമാണ് ക്രീസില്‍. കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രന്‍ മൂന്നും ജലജ് സക്‌സേന രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

