Asianet News MalayalamAsianet News Malayalam

വനിത ഏകദിന റാങ്കിംഗില്‍ ജുലന്‍ ഗോസ്വാമിക്ക് തിരിച്ചടി; ബാറ്റര്‍മാരില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരം മാത്രം

ബൗളര്‍മാരുടെ റാങ്കിംഗില്‍ വെറ്ററെന്‍ പേസര്‍ ജുലന്‍ ഗോസ്വാമി ഒരു സ്ഥാനം പിന്നോട്ട് പോയി ആറാം സ്ഥാനത്തായി. 39കാരിയായ ജുലന്‍ ഗോസ്വാമിക്ക് ഈ വര്‍ഷം 9 കളിയില്‍ 12 വിക്കറ്റുകളാണ് നേടാനായത്.

Jhulan Goswami lost one spot in icc women odi ranking
Author
Dubai - United Arab Emirates, First Published Jun 22, 2022, 12:26 PM IST

മുംബൈ: ഐസിസി വനിതാ ഏകദിന റാങ്കിംഗില്‍ ഇന്ത്യയുടെ സ്മൃതി മന്ഥാന (Smriti Mandhana) എട്ടാം സ്ഥാനത്ത് തുടരുന്നു. 25കാരിയായ സ്മൃതി ഈ വര്‍ഷം 9 മത്സരങ്ങളില്‍ 411 റണ്‍സ് നേടിയിരുന്നു. പട്ടികയില്‍ ആദ്യ പത്തിലുള്ള ഏക ബാറ്റര്‍ സ്മൃതിയാണ്. ഓസ്‌ട്രേലിയന്‍ താരം എലിസ ഹെയ്‌ലിയാണ് ഒന്നാം സ്ഥാനത്ത്. 13-ാം സ്ഥാനത്തുള്ള ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് (Harmanpree Kaur) മെച്ചപ്പെട്ട റാങ്കുള്ള ഇന്ത്യക്കാരി. 

നതാലി സ്‌കിവര്‍ (ഇംഗ്ലണ്ട്), ബേത് മൂണി (ഓസ്‌ട്രേലിയ), ലൗറ വാള്‍വാര്‍ട്ട് (ദക്ഷിണാഫ്രിക്ക), മെഗ് ലാനിംഗ് (ഓസ്‌ട്രേലിയ), റേച്ചര്‍ ഹെയ്‌നസ് (ഓസ്‌ട്രേലിയ), എമി സാറ്റര്‍വെയ്റ്റ് (ന്യൂസിലന്‍ഡ്) എന്നിവരാണ് രണ്ട് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍. താമി ബ്യൂമോണ്ട് (ഇംഗ്ലണ്ട്), എല്ലിസ് പെറി (ഓസ്‌ട്രേലിയ) എന്നിവര്‍ യഥാക്രമം 9,10 സ്ഥാനങ്ങളിലുണ്ട്.

ബൗളര്‍മാരുടെ റാങ്കിംഗില്‍ വെറ്ററെന്‍ പേസര്‍ ജുലന്‍ ഗോസ്വാമി ഒരു സ്ഥാനം പിന്നോട്ട് പോയി ആറാം സ്ഥാനത്തായി. 39കാരിയായ ജുലന്‍ ഗോസ്വാമിക്ക് ഈ വര്‍ഷം 9 കളിയില്‍ 12 വിക്കറ്റുകളാണ് നേടാനായത്. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരവും ഗോസ്വാമി തന്നെ. 

രാജേശ്വരി ഗെയ്കവാദ് 12-ാം സ്ഥാനത്തുണ്ട്. ഓള്‍റൗണ്ടര്‍മാരില്‍ ഇന്ത്യയുടെ ദീപ്തി ശര്‍മ ഏഴാം സ്ഥാനത്ത് തുടരുന്നു. ടീം റാങ്കിംഗില്‍ ഇന്ത്യ നാലാമതാണ്. ഓസ്‌ട്രേലിയയാണ് ഒന്നാമത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Follow Us:
Download App:
  • android
  • ios