മത്സരത്തിനുള്ള പദ്ധതികളെക്കുറിച്ച് ചിന്തിച്ചിരുന്നതായും ദേവ്ദത്ത് പടിക്കലിനും പടിധാറിനും പകരക്കാരെ കണ്ടെത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
ബെംഗളൂരു: ഐപിഎല്‍ നിര്‍ത്തിവെക്കുന്നതിന് തൊട്ടുമുമ്പാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ രജത് പടിധാറിന്റെ കൈവിരലിന് പരിക്കേല്‍ക്കുന്നത്. ശേഷം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ അദ്ദേഹം കളിക്കില്ലെന്നും വാര്‍ത്തകള്‍ വന്നു. ഇതിനിടെ ഐപിഎല്‍ നിര്‍ത്തിവെക്കേണ്ടി വന്നതിനാല്‍ മത്സരം റദ്ദാക്കി. എന്നാല്‍ ഈ മത്സരത്തില്‍ ആര് ടീമിനെ നയിക്കണമെന്നുള്ള കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. സീനിയര്‍ താരം വിരാട് കോടി നയിക്കാനെത്തുമെന്നാണ് പരക്കെ വിശ്വസിച്ചിരുന്നത്.
എന്നാല്‍ അങ്ങനെ അല്ലെന്നാണ് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ പറയുന്നത്. മത്സരത്തില്‍ ടീമിനെ നയിക്കേണ്ടിയിരുന്നത് ഞാനായിരുന്നുവെന്ന് ജിതേശ് വ്യക്തമാക്കി. ആര്‍സിബിയെ നയിക്കാന്‍ ഒരുങ്ങിയിരുന്നുവെന്നും ജിതേഷ് പറഞ്ഞു. മത്സരത്തിനുള്ള പദ്ധതികളെക്കുറിച്ച് താന്‍ ചിന്തിച്ചിരുന്നുവെന്നും വിക്കറ്റ് കീപ്പര്‍ വെളിപ്പെടുത്തി. ചെന്നൈക്കെതിരായ മത്സരത്തിനിടെയാണ് പടിധാറിന് പരിക്കേല്‍ക്കുന്നത്. പിന്നീട് അദ്ദേഹത്തോട് 10 ദിവസത്തേക്ക് പരിശീലനത്തില്‍ പങ്കെടുക്കാതിരിക്കാനും ആവശ്യപ്പെട്ടു. ഇതിനിടെയുള്ള രണ്ട് മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമാകുമായിരുന്നു.
ഇതിനിടെയാണ് ലക്‌നൗവിനെതിരായ മത്സരത്തില്‍ ആര്‍സിബിയെ നയിക്കാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നതായി ജിതേഷ് വെളിപ്പെടുത്തിയത്. മത്സരത്തില്‍ ദേവ്ദത്ത് പടിക്കലിനും പടിധാറിനും പകരം ആരെയാണ് ടീമില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് താന്‍ ഇതിനകം ചിന്തിച്ചിരുന്നുവെന്നും വിക്കറ്റ് കീപ്പര്‍ പറഞ്ഞു.
അതേസമയം, ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് ഒരുങ്ങുന്ന ആര്‍സിബിക്ക് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. അവരുടെ ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിന് പരിക്കിനെ തുടര്‍ന്ന് ബാക്കിയുള്ള മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ അവസാന മത്സരത്തില്‍ ഹേസല്‍വുഡ് കളിച്ചിരുന്നില്ല. ശേഷം ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ നടക്കേണ്ടിയിരുന്ന മത്സരത്തിലും താരത്തിന് വിശ്രമം അനുവദിച്ചിരുന്നു. ഇതുവരെ 10 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകള്‍ ആര്‍സിബി വീഴ്ത്തിയിട്ടുണ്ട്. പുതിയ പന്തുകളിലും ഡെത്ത് ഓവറുകളിലും അദ്ദേഹം അവിശ്വസനീയമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
സീസണിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ മൂന്നാമത്തെ താരം കൂടിയാണ് ഹേസല്‍വുഡ്. നിലവില്‍ ഓസ്‌ട്രേലിയയിലാണ് ഹേസല്‍വുഡ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ഫിറ്റ്‌നെസ് വീണ്ടെടുക്കേണ്ടതിനാല്‍ താരം ഇനി ഈ സീസണില്‍ ഐപിഎല്ലില്‍ കളിക്കാനെത്തില്ല. പരിക്കിനെ തുടര്‍ന്ന് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി, ശ്രീലങ്കന്‍ പരമ്പര, ചാംപ്യന്‍സ് ട്രോഫി എന്നിവയുടെ അദ്ദേഹത്തിന് നഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ ഹേസല്‍വുഡ് വീണ്ടും റിസ്‌ക് എടുക്കാന്‍ സാധ്യതയില്ല.



