ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനായി ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയ താരം ഈ സീസണിൽ ഇനി ഐപിഎല്‍ കളിക്കില്ല.

ബെംഗളൂരു: ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്കൊരുങ്ങുന്ന റോയല്‍ ചലഞ്ചേ്‌സ് ബെംഗളൂരുവിന് തിരിച്ചടി. അവരുടെ ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിന് പരിക്കിനെ തുടര്‍ന്ന് ബാക്കിയുള്ള മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ അവസാന മത്സരത്തില്‍ ഹേസല്‍വുഡ് കളിച്ചിരുന്നില്ല. ശേഷം ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ നടക്കേണ്ടിയിരുന്ന മത്സരത്തിലും താരത്തിന് വിശ്രമം അനുവദിച്ചിരുന്നു. ഇതുവരെ 10 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകള്‍ ആര്‍സിബി വീഴ്ത്തിയിട്ടുണ്ട്. പുതിയ പന്തുകളിലും ഡെത്ത് ഓവറുകളിലും അദ്ദേഹം അവിശ്വസനീയമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

സീസണിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ മൂന്നാമത്തെ താരം കൂടിയാണ് ഹേസല്‍വുഡ്. നിലവില്‍ ഓസ്‌ട്രേലിയയിലാണ് ഹേസല്‍വുഡ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ഫിറ്റ്‌നെസ് വീണ്ടെടുക്കേണ്ടതിനാല്‍ താരം ഇനി ഈ സീസണില്‍ ഐപിഎല്ലില്‍ കളിക്കാനെത്തില്ല. പരിക്കിനെ തുടര്‍ന്ന് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി, ശ്രീലങ്കന്‍ പരമ്പര, ചാംപ്യന്‍സ് ട്രോഫി എന്നിവയുടെ അദ്ദേഹത്തിന് നഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ ഹേസല്‍വുഡ് വീണ്ടും റിസ്‌ക് എടുക്കാന്‍ സാധ്യതയില്ല.

ഐപിഎല്ലിന്റെ ശേഷിക്കുന്ന മത്സരത്തിനായി മറ്റ് ഓസ്ട്രേലിയന്‍ കളിക്കാര്‍ തിരിച്ചെത്തുമോ എന്നും കണ്ടറിയണം. പ്ലേ ഓഫ് മത്സരത്തില്‍ നിന്ന് ഇതിനകം പുറത്തായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഭാഗമാണ് പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും. ടീം മാനേജ്മെന്റ് അംഗീകരിച്ചാല്‍, ടൂര്‍ണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ അവര്‍ക്ക് ഒഴിവാക്കാം. എന്നിരുന്നാലും, മിച്ചല്‍ സ്റ്റാര്‍ക്കിന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. അദ്ദേഹത്തിന്റെ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്, പ്ലേഓഫിലേക്ക് യോഗ്യത നേടാനും കിരീടത്തിനായി വെല്ലുവിളി ഉയര്‍ത്താനും അദ്ദേഹത്തിന്റെ സേവനം ആവശ്യമാണ്.

മറുവശത്ത്, ഐപിഎല്ലിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ കളിക്കുമോ എന്ന് തീരുമാനിക്കാന്‍ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഉദ്യോഗസ്ഥര്‍ ഞായറാഴ്ച യോഗം ചേരും. മറുവശത്ത്, മിച്ചല്‍ സാന്റ്‌നറും ഡെവോണ്‍ കോണ്‍വേയും ഒഴികെയുള്ള മറ്റ് ന്യൂസിലന്‍ഡ് അന്താരാഷ്ട്ര താരങ്ങളെല്ലാം മടങ്ങിപ്പോയി.