ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ തവണ 500+ റണ്‍സ് നേടുന്ന താരമായി ജോ റൂട്ട് മാറി. 

ലണ്ടന്‍: ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ തവണ 500+ റണ്‍സ് നേടുന്ന താരമായി ജോ റൂട്ട്. മൂന്ന് തവണ അദ്ദേഹം ഇന്ത്യക്കെതിരെ 500ലധികം റണ്‍സ് നേടി. എവര്‍ട്ടണ്‍ വീകെസ് (വെസ്റ്റ് ഇന്‍ഡീസ്), സഹീര്‍ അബ്ബാസ് (പാകിസ്ഥാന്‍), യൂനിസ് ഖാന്‍ (പാകിസ്ഥാന്‍), ഗാരി സോബേഴ്‌സ് (വെസ്റ്റ് ഇന്‍ഡീസ്), റിക്കി പോണ്ടിംഗ് (ഓസ്‌ട്രേലിയ) എന്നിവരെയാണ് റൂട്ട് മറികടന്നത്. അഞ്ച് പേരും രണ്ട് തവണ 500+ സ്‌കോര്‍ നേടിയിട്ടുണ്ട്. ഇത്തവണത്തെ ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയ്ക്ക് മറ്റൊരു പ്രത്യേകതയുണ്ട്.

ഏറ്റവും കൂടുതല്‍ 300+ സ്‌കോറുകള്‍ പിറക്കുന്ന പരമ്പരകളില്‍ ഒന്നാണിത്. 14 തവണ 300 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സ്‌കോര്‍ വന്നു. ഇക്കാര്യത്തില്‍ 1928-29 ആഷസിനൊപ്പമാണിത്. അന്നും 14 തവണ 300+ സ്‌കോറുകള്‍ പിറന്നിരുന്നു.

അതേസമയം, ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയത്തിലേക്ക് നീങ്ങുകയാണ്. 374 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാം ദിനം ചായ്ക്ക് പിരിയുമ്പോള്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 317 റണ്‍സെടുത്തിട്ടുണ്ട്. ഇനി ജയിക്കാന്‍ വേണ്ടത് 57 റണ്‍സ് മാത്രം. ജോ റൂട്ട് (98), ജേക്കബ് ബേതല്‍ (1) എന്നിവര്‍ ക്രീസിലുണ്ട്. 111 റണ്‍സെടുത്ത ഹാരി ബ്രൂക്കിന്റെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായി.

നേരത്തെ, ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 396 റണ്‍സിന് അവസാനിച്ചിരുന്നു. യശസ്വി ജയ്സ്വാള്‍ (118) സെഞ്ചുറി നേടി. ഇംഗ്ലണ്ടിന് വേണ്ടി ജോഷ് ടംഗ് അഞ്ച് വിക്കറ്റ് നേടി. ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 23 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 224നെതിരെ ഇംഗ്ലണ്ട് 247 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ന് ബ്രൂക്കിന് പുറമെ മറ്റു രണ്ട് വിക്കറ്റുകള്‍ കൂടി ഇംഗ്ലണ്ടിന് നഷ്ടമായി. ബെന്‍ ഡക്കറ്റാണ് (54) ആദ്യം മടങ്ങുന്നത്. പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് ഡക്കറ്റ് മടങ്ങുന്നത്.

പിന്നാലെ ക്യാപ്റ്റന്‍ ഒല്ലി പോപ്പും മടങ്ങി. 27 റണ്‍സെടുത്ത താരത്തെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് ബ്രൂക്ക് - റൂട്ട് സഖ്യം 195 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് തന്നെയാണ് ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നല്‍കിയത്. ബ്രൂക്കിനെ, ആകാശ് ദീപ് മടക്കിയെങ്കിലും അപ്പോഴേക്കും ഏറെ വൈകിയിരുന്നു. 98 പന്തുകള്‍ മാത്രം നേരിട്ട താരം രണ്ട് സിക്‌സും 14 ഫോറും നേടി. നേരത്തെ, ബ്രൂക്കിന്റെ വിക്കറ്റെടുക്കാനുള്ള അവസരം മുഹമ്മദ് സിറാജ് നഷ്ടപ്പെടുത്തിയിരുന്നു. 19 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ ബ്രൂക്കിന്റെ സ്‌കോര്‍.

ഇംഗ്ലണ്ടിന് സാക് ക്രോളിയുടെ (14) വിക്കറ്റ് ആദ്യ ദിവസം നഷ്ടമായിരുന്നു. മൂന്നാം ദിവസത്തെ അവസാന ഓവറില്‍ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കിയിരുന്നു താരത്തെ. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.

YouTube video player