120 റണ്‍സ് കൂടി നേടിയാൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകും റൂട്ട്. 

മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരെ നാലാം ടെസ്റ്റ് ബുധനാഴ്ച്ച തുടങ്ങാനിരിക്കെ ഇംഗ്ലണ്ട് താരം ജോ റൂട്ടിനെ കാത്ത് തകര്‍പ്പന്‍ നേട്ടം. മാഞ്ചസ്റ്ററില്‍ നടക്കുന്ന മത്സരത്തില്‍ 120 റണ്‍സ് കൂടി നേടിയാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാവാന്‍ റൂട്ടിന് സാധിക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ 156 മത്സരങ്ങള്‍ കളിച്ച ജോ റൂട്ട് 13,259 റണ്‍സ് നേടിയിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ്, ജാക് കാലിസ്, റിക്കി പോണ്ടിങ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരാണ് റണ്‍വേട്ടയില്‍ റൂട്ടിന് മുന്നിലുള്ളത്.

120 റണ്‍സ് കൂടി നേടിയാല്‍ദ്രാവിഡ്, കാലിസ്, പോണ്ടിങ് എന്നിവരെ ഒരുമിച്ച് മറികടക്കാന്‍ റൂട്ടിന് സാധിക്കും. പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രമാകും റൂട്ടിന് മുന്നില്‍ ഉണ്ടാകുക. 200 ടെസ്റ്റ് കളിച്ച സച്ചിന്‍ 15,921 റണ്‍സാണ് നേടിയിട്ടുള്ളത്. സച്ചിനെ മറികടക്കാന്‍ റൂട്ടിന് വേണ്ടത് 2,663 റണ്‍സാണ്. ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ റൂട്ട് ചില റെക്കോര്‍ഡുകളും സ്വന്തമാക്കിയിരുന്നു. ഇന്ത്യക്കെതിരായ 11-ാം സെഞ്ചുറിയാണ് താരം പൂര്‍ത്തിയാക്കിയത്. ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ബാറ്ററെന്ന ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ റൂട്ടിന് സാധിച്ചു.

റൂട്ട് 60 ഇന്നിംഗ്‌സില്‍ നിന്നാണ് 11 സെഞ്ചുറികള്‍ നേടിയതെങ്കില്‍ സ്മിത്ത് 46 ഇന്നിംഗ്‌സില്‍ നിന്നാണ് 11 സെഞ്ചുറികള്‍ നേടിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റൂട്ട് നേടുന്ന ഇരുപതാം ടെസ്റ്റ് സെഞ്ചുറിയും ഈ വര്‍ഷത്തെ ആദ്യ സെഞ്ചുറിയുമാണിത്. 2021ലും 2022ലും 2024ലും ടെസ്റ്റില്‍ ആറ് വീതം സെഞ്ചുറികള്‍ നേടിയ റൂട്ട് 2023ല്‍ രണ്ട് സെഞ്ചുറികള്‍ നേടിയിരുന്നു. ലോര്‍ഡ്‌സില്‍ നേടിയത് ജോ റൂട്ടിന്റെ തുടര്‍ച്ചയായ മൂന്നാമത്തെയും കരിയറിലെ എട്ടാമത്തെയും സെഞ്ചുറിയാണ്.

ഇതിന് മുമ്പുള്ള രണ്ട് ടെസ്റ്റുകളില്‍ 143, 103 എന്നിങ്ങനെയായിരുന്നു ലോര്‍ഡ്‌സിലെ റൂട്ടിന്റെ സ്‌കോര്‍. ലോര്‍ഡ്‌സില്‍ തുടര്‍ച്ചായായി മൂന്ന് സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ മാത്രം ബാറ്ററാണ് റൂട്ട്. 1912-26 കാലഘട്ടത്തില്‍ ജാക് ഹോബും 2004-2005ല്‍ മൈക്കല്‍ വോണും മാത്രമാണ് റൂട്ടിന് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍.

YouTube video player