ടെസ്റ്റ് സെഞ്ചുറികളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(51), ജാക്വിസ് കാലിസ്(45), റിക്കി പോണ്ടിംഗ്(41), കുമാര്‍ സംഗാക്കര(38), രാഹുല്‍ ദ്രാവിഡ്(36) എന്നിവര്‍ മാത്രമാണ് ഇനി ജോ റൂട്ടിന് മുന്നിലുള്ളത്.

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ഡക്കറുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സാധ്യതയുള്ള താരമാണ് ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി, ഏറ്റവും കൂടുതല്‍ റണ്‍സ് എന്നീ റെക്കോര്‍ഡുകളാണ് റൂട്ടിനെ കാത്തിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെ ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗിലും സെഞ്ചുറി നേടിയ റൂട്ട് ആകെ നേട്ടം 34 ആക്കി ഉയര്‍ത്തി. ഇതോടെ ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണത്തില്‍ ജോ റൂട്ട്, സുനില്‍ ഗവാസ്‌കര്‍, ബ്രയാന്‍ ലാറ, മഹേല ജയവര്‍ധന, യൂനിസ് ഖാന്‍ എന്നിവരുടെ റെക്കോര്‍ഡിനൊപ്പമെത്തി.

ടെസ്റ്റ് സെഞ്ചുറികളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(51), ജാക്വിസ് കാലിസ്(45), റിക്കി പോണ്ടിംഗ്(41), കുമാര്‍ സംഗാക്കര(38), രാഹുല്‍ ദ്രാവിഡ്(36) എന്നിവര്‍ മാത്രമാണ് ഇനി ജോ റൂട്ടിന് മുന്നിലുള്ളത്. നിലവില്‍ 265 ഇന്നിംഗില്‍ 12377 റണ്‍സുണ്ട് റൂട്ടിന്. 200 ടെസ്റ്റുകളില്‍ നിന്നായി 15,921 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. ഇനി 3544 റണ്‍സ് കൂടി നേടിയാല്‍ സച്ചിനെ മറികടക്കാന്‍ റൂട്ടിനാവും. ഇപ്പോള്‍ സച്ചിനെ മറികടക്കുമോ എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് റൂട്ട്. 

ബംഗ്ലാദേശിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കൈപ്പിടിച്ചുയര്‍ത്തി ലിറ്റണ്‍, സെഞ്ചുറി! പാകിസ്ഥാന് വീണ്ടും തകര്‍ച്ച

ഇപ്പോള്‍ കളിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധയെന്നാണ് റൂട്ട് പറയുന്നത്. എന്നാല്‍ നേട്ടങ്ങളില്‍ സന്തോഷമുണ്ടെന്നും റൂട്ട് പറഞ്ഞു. ''ഞാനിപ്പോള്‍ ക്രിക്കറ്റ് കളിന്നത് ആസ്വദിക്കുന്നു. ഇംഗ്ലണ്ടിനായി എനിക്ക് കഴിയാവുന്ന അത്രയും റണ്‍സ് നേടാന്‍ ശ്രമിക്കും. ടീം സ്‌കോര്‍ ഉയര്‍ത്താന്‍ മാത്രമാണ് എന്റെ ശ്രമം. ഒരു സെഞ്ചുറി നേടുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്. നേട്ടങ്ങളില്‍ സന്തോഷമില്ലെന്ന് പറഞ്ഞാല്‍ അത് കളവാകും. ഒരു മത്സരം വിജയിക്കുന്നതിനേക്കാള്‍ സന്തോഷം മറ്റൊന്നുമില്ല. ടീമിന്റെ വിജയമെന്നുള്ളത് ഓരോ താരത്തിന്റെ കൂടി വിജയമാണ്. മറ്റെന്തിനേക്കാളും ടീമിന്റെ വിജയമാണ് മുഖ്യം. കരിയറില്‍ ഇതുപോലുള്ള മികച്ച ദിവസങ്ങള്‍ ഇനിയും ഉണ്ടാകുമെന്നാണ് കരുതുന്നത്.'' റൂട്ട് വ്യക്തമാക്കി.

ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും ആദ്യമായിട്ടാ റൂട്ട് സെഞ്ചുറി നേടുന്നത്. രണ്ടാം ഇന്നിംഗ്‌സില്‍ 111 പന്തില്‍ സെഞ്ചുറി നേടിയ റൂട്ട് കരിയറിലെ ഏറ്റവും അതിവേഗ ടെസ്റ്റ് സെഞ്ചുറിയും നേടി. ന്യൂസിലന്‍ഡിനെതിരെ 116 പന്തില്‍ സെഞ്ചുറി നേടിയതായിരുന്നു ഇതിന് മുമ്പത്തെ റൂട്ടിന്റെ അതിവേഗ സെഞ്ചുറി. ലോര്‍ഡ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റററെന്ന റെക്കോര്‍ഡും റൂട്ട് സ്വന്തമാക്കി. 2015 റണ്‍സ് നേടിയിട്ടുള്ള ഗ്രഹാം ഗൂച്ചിനെയാണ് 2022 റണ്‍സുമായി റൂട്ട് പിന്നിലാക്കിയത്.