Asianet News MalayalamAsianet News Malayalam

ടെസ്റ്റ് റാങ്കിംഗ്: വിസ്‌മയ കുതിപ്പില്‍ റൂട്ട് തലപ്പത്ത്; കോലിക്കും പന്തിനും തിരിച്ചടി, രോഹിത്തിന് നേട്ടം

ആറ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് റൂട്ട് ഒന്നാമത് എത്തുന്നത്. അതേസമയം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ രോഹിത് ശര്‍മ്മ പിന്തള്ളി. 

Joe Root returns to the top spot in Test rankings for batsman
Author
Dubai - United Arab Emirates, First Published Sep 1, 2021, 2:54 PM IST

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്സ്‌മാന്‍മാരില്‍ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് തലപ്പത്ത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സ്വപ്‌നഫോമാണ് റൂട്ടിന് കരുത്തായത്. ആറ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് റൂട്ട് ഒന്നാമത് മടങ്ങിയെത്തുന്നത്. അതേസമയം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ഓപ്പണര്‍ രോഹിത് ശര്‍മ്മ പിന്തള്ളി. കെയ്‌ന്‍ വില്യംസണ്‍, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, രോഹിത് ശര്‍മ്മ എന്നിവരാണ് റൂട്ടിന് പിന്നില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. 

ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പര തുടങ്ങുമ്പോള്‍ ആറാം സ്ഥാനത്തായിരുന്നു ജോ റൂട്ട്. എന്നാല്‍ ആദ്യ മൂന്ന് ടെസ്റ്റുകളില്‍ 507 റണ്‍സുമായി കുതിക്കുന്ന താരം വിരാട് കോലി, മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത്, കെയ്‌ന്‍ വില്യംസണ്‍ എന്നിവരെ പിന്നിലാക്കി ഒന്നാം സ്ഥാനത്തേക്ക് ചേക്കേറുകയായിരുന്നു. രണ്ടാമതുള്ള വില്യംസണേക്കാള്‍ 15 റേറ്റിംഗ് പോയിന്‍റ് ഇപ്പോള്‍ റൂട്ടിന് കൂടുതലുണ്ട്. ലീഡ്‌സിലെ മൂന്നാം ടെസ്റ്റ് തുടങ്ങുമ്പോള്‍ രണ്ടാമതായിരുന്ന റൂട്ടിന് 121 റണ്‍സ് തിളക്കം നേട്ടമായി. 2015 ഡിസംബറിലായിരുന്നു ജോ റൂട്ട് ഇതിന് മുമ്പ് ഒന്നാം സ്ഥാനം അലങ്കരിച്ചത്. 

കരിയറിലെ ഏറ്റവും മികച്ച അഗ്രഗേറ്റ് റേറ്റിംഗ് പോയിന്‍റായ 917ന് ഒരു പോയിന്‍റ് മാത്രം പിന്നിലാണ് ഇപ്പോള്‍ ജോ റൂട്ട്. ഇംഗ്ലീഷ് താരങ്ങളില്‍ റോറി ബേണ്‍സ് അഞ്ച് സ്ഥാനമുയര്‍ന്ന് 24-ാം സ്ഥാനത്തും ജോണി ബെയര്‍സ്റ്റോ രണ്ട് സ്ഥാനമുയര്‍ത്ത് 70-ാമതും എത്തി. ടെസ്റ്റ് മടങ്ങിവരവ് നടത്തിയ ഡേവിഡ് മലാന്‍ 88-ാം സ്ഥാനത്താണ്. 

അതേസമയം ഇന്ത്യന്‍ താരങ്ങളില്‍ നായകന്‍ വിരാട് കോലി തിരിച്ചടി നേരിടുകയാണ്. കോലിയെ മറികടന്ന് രോഹിത് ശര്‍മ്മ റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങളില്‍ മുന്നിലെത്തി. കരിയറിലെ ഏറ്റവും മികച്ച അഞ്ചാം റാങ്കിലേക്ക് രോഹിത് ചേക്കേറിയപ്പോള്‍ കോലി ആറാമതായി. കോലിയേക്കാള്‍ ഏഴ് റേറ്റിംഗ് പോയിന്‍റ് കൂടുതല്‍ ഹിറ്റ്‌മാനുണ്ട്. ലീഡ്‌സിലെ രണ്ടാം ഇന്നിംഗ്‌സില്‍ നേടിയ 91 റണ്‍സോടെ ചേതേശ്വര്‍ പൂജാര മൂന്ന് സ്ഥാനങ്ങളുയര്‍ന്ന് 15-ാംമതെത്തി. നാല് സ്ഥാനങ്ങള്‍ വീണെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്ത് 12-ാം സ്ഥാനത്തുണ്ട്. 

ബൗളര്‍മാരില്‍ പാറ്റ് കമ്മിന്‍സ്, രവിചന്ദ്ര അശ്വിന്‍, ടിം സൗത്തി, ജോഷ് ഹേസല്‍വുഡ് എന്നിവരുടെ ആദ്യ നാല് സ്ഥാനങ്ങള്‍ക്ക് ചലനമില്ല. ഇംഗ്ലീഷ് താരങ്ങളില്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ വീണ്ടും ആദ്യ അഞ്ചിലെത്തിയപ്പോള്‍ ഓലി റോബിന്‍സണ്‍ ഒന്‍പത് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 36ലെത്തി. പത്താമതുള്ള ജസ്‌പ്രീത് ബുമ്രയ്‌ക്കാണ് ഇന്ത്യന്‍ പേസര്‍മാരില്‍ മികച്ച റാങ്കിംഗ്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗിന് ചലനമില്ല. ജേസന്‍ ഹോള്‍ഡര്‍, ബെന്‍ സ്റ്റോക്‌സ്, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവരാണ് ആദ്യ അഞ്ചിലുള്ള താരങ്ങള്‍. 

ഇന്ത്യക്ക് തലവേദനായി ടീം സെലക്ഷന്‍; ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് നാളെ തുടക്കം

ഇന്ത്യന്‍ തിരിച്ചടി നേരിടാന്‍ തയാറായിക്കഴിഞ്ഞുവെന്ന് കോളിംഗ്‌വുഡ്

അശ്വിനെ നേരിടാന്‍ ഇംഗ്ലണ്ട് തയാറെന്ന് റൂട്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios