ലണ്ടന്‍: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍ എന്ന് ജോഫ്ര ആര്‍ച്ചറെ വാഴ്‌ത്തി ഇംഗ്ലീഷ് സഹതാരം ബെന്‍ സ്റ്റോക്‌സ്. ആര്‍ച്ചര്‍ ടീമിലുള്ളത് ഇംഗ്ലണ്ടിന്‍റെ ഭാഗ്യമാണ്. 2021-22ല്‍ ആഷസ് തിരിച്ചുപിടിക്കാന്‍ ആര്‍ച്ചറിലൂടെ കഴിയുമെന്നും സ്റ്റോക്‌സ് ദ് ഗാര്‍ഡിയന്‍ ദിനപത്രത്തോട് പറഞ്ഞു.

ആഷസില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ജോഫ്ര ആര്‍ച്ചര്‍ വിസ്‌മയ പ്രകടനമാണ് കാഴ്‌ചവെച്ചത്. പരമ്പരയില്‍ നാല് മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റ് നേടിയ താരം രണ്ട് തവണ ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിലെ നമ്പര്‍ വണ്‍ ബാറ്റ്സ്‌മാനായ സ്‌റ്റീവ് സ്‌മിത്തിനെതിരായ പോരാട്ടവും ആഷസില്‍ ആര്‍ച്ചറെ ശ്രദ്ധേയമാക്കി. 

ആര്‍ച്ചര്‍ക്ക് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്താന്‍ കഴിയുമെന്ന് സ്റ്റോക്‌സ് പറയുന്നു. ജോഫ്ര ആ ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറുന്നുണ്ട്. ഇനിയുമേറെ മികവ് ജോഫ്രയില്‍ നിന്ന് പുറത്തുവരാനിരിക്കുന്നതായും സ്റ്റോക്‌സ് വ്യക്തമാക്കി. ആഷസിന് ശേഷം പ്രഖ്യാപിച്ച റാങ്കിംഗില്‍ 40 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആര്‍ച്ചര്‍ 37-ാം സ്ഥാനത്തെത്തിയിരുന്നു.