ദുബായ്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മിന്നുന്ന പ്രകടനങ്ങളോടെ ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ ഐസിസി ഏകദിന റാങ്കിംഗില്‍ ആദ്യ പത്തിലെത്തി.  പുതിയ ബാറ്റിംഗ് റാങ്കിംഗില്‍ പത്താം സ്ഥാനത്താണ് ബെയര്‍സ്റ്റോ.  ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്.

പാക് ഓപ്പണര്‍ ബാബര്‍ അസം മൂന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ റോസ് ടെയ്‌ലര്‍, ഡൂപ്ലെസി എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ സെഞ്ചുറിയുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച ഓസീസിന്റെ ഗ്ലെന്‍ മാക്സ്‌വെല്‍ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 26-ാം സ്ഥാനത്തെത്തിയപ്പോള്‍ 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഓസീസിന്റെ അലക്സ് ക്യാരി 27-ാം സ്ഥാനത്തുണ്ട്.

ബൗളര്‍മാരില്‍ ഇംഗ്ലണ്ടിന്റെ ക്രിസ് വോക്സും നേട്ടമുണ്ടാക്കി. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ വോക്സ് ബൗളിംഗ് റാങ്കിംഗില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് ഒന്നാം സ്ഥാനത്തും ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര രണ്ടാം സ്ഥാനത്തും തുടരുന്നു. അഫ്ഗാന്‍ താരം മുജീബ് ഉര്‍ റഹ്മാനാണ് മൂന്നാം സ്ഥാനത്ത്.

എട്ടാം സ്ഥാനത്തുള്ള ഓസീസിന്റെ ജോഷ് ഹേസല്‍വുഡ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ആദ്യ പത്തില്‍ തിരിച്ചെത്തി. ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി. പത്തു വിക്കറ്റുമായി പരമ്പരയില്‍ തിളങ്ങിയ ഓസീസിന്റെ ആദം സാംപ 21-ാം സ്ഥാനത്തെിയതാണ് മറ്റൊരു ശ്രദ്ധേയ മാറ്റം. ഓള്‍ റൗണ്ടര്‍മാരില്‍ അഫ്ഗാന്റെ മുഹമ്മദ് നബി ഒന്നാമതും ഇംഗ്ലണ്ടിന്റെ ക്രിസ് വോക്സ് രണ്ടാമതുമാണ്.