മകാന്‍ ചോട്ടെയുടെ ഗോളില്‍ ആറാം മിനിറ്റില്‍ തന്നെ മുന്നിലെത്തിയ ഗോവ ഓര്‍ട്ടിസിന്‍റെ രണ്ട് ഗോളിലൂടെ ആദ്യ പകുതിയില്‍ തന്നെ 4-0ന് മുന്നിലെത്തിയതോടെ കളിയുടെ ഫലം ഏതാണ്ട് പൂര്‍ണമായിരുന്നു.

ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-22) ജോര്‍ജെ ഓര്‍ട്ടിസിന്‍റെ(Jorge Ortiz ) ഹാട്രിക്കില്‍ ചെന്നൈയിന്‍ എഫ് സിയെ(Chennaiyin FC) എതിരില്ലാത്ത അഞ്ച് ഗോളിന് വീഴ്ത്തി എഫ് സി ഗോവ(FC Goa). ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളടിച്ച ഓര്‍ട്ടിസ് ഗോവയെ നാലു ഗോളിന് മുന്നിലെത്തിച്ചിരുന്നു. രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി ചെന്നൈയിന്‍ വലയിലെത്തിച്ച് ഓര്‍ട്ടിസ് ഹാട്രിക്കും ഗോവയുടെ ഗോള്‍പ്പട്ടികയും തികച്ചു.

ജയിച്ചിരുന്നെങ്കില്‍ ഏഴാം സ്ഥാനത്തേക്ക് ഉയരാമായിരുന്ന ചെന്നൈയിന്‍ തോല്‍വിയോടെ എട്ടാം സ്ഥാനത്ത് തന്നെ തുടരുമ്പോള്‍ ജയിച്ചിട്ടും എഫ് സി ഗോവ ഒമ്പതാമത് തന്നെയാണ്. തിലക് മൈതാനില്‍ നടന്ന പോരാട്ടത്തില്‍ കളിയുടെ തുടക്കം മുതല്‍ ചെന്നൈയിന്‍ ചിത്രത്തിലേ ഇല്ലായിരുന്നു.

Scroll to load tweet…

മകാന്‍ ചോട്ടെയുടെ ഗോളില്‍ ആറാം മിനിറ്റില്‍ തന്നെ മുന്നിലെത്തിയ ഗോവ ഓര്‍ട്ടിസിന്‍റെ രണ്ട് ഗോളിലൂടെ ആദ്യ പകുതിയില്‍ തന്നെ 4-0ന് മുന്നിലെത്തിയതോടെ കളിയുടെ ഫലം ഏതാണ്ട് പൂര്‍ണമായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ നാരയണ്‍ ദാസിന്‍റെ സെല്‍ഫ് ഗോള്‍ ചെന്നൈയിന്‍റെ തോല്‍വിഭാരം കൂട്ടി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മൂന്നാം ഗോളും നേടി ഓര്‍ട്ടിസ് ഹാട്രിക്കും ഗോള്‍പ്പട്ടികയും പൂര്‍ത്തിയാക്കി.

20, 41, 53 മിനിറ്റുകളിലായിരുന്നു ഓര്‍ട്ടിസിന്‍റെ ഗോളുകള്‍. പരിശീലന മത്സരത്തിന്‍റെ ലാഘവത്തോടെയാണ് ഗോവ ചെന്നൈയിന്‍ വലയില്‍ ഗോളടിച്ചുകൂട്ടിയത്. തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ആടിയുലഞ്ഞ ചെന്നൈയിന്‍ പ്രതിരോധത്തിന് ഗോവയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

Scroll to load tweet…

അഞ്ച് മത്സരങ്ങള്‍ക്ക് ശേഷമാണ് ഗോവ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തുന്നത്. ഗോവയുടെ അവസാന ജയവും ചെന്നൈയിനെതിരെ ആയിരുന്നു. അതേസമയം കഴിഞ്ഞ നാലു മത്സരങ്ങളില്‍ ചെന്നൈയിന്‍റെ മൂന്നാം തോല്‍വിയാണിത്. ജയിച്ചിരുന്നെങ്കില്‍ 19 പോയന്‍റുള്ള ചെന്നൈയിന് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ കഴിയുമായിരുന്നു.