ടൂർണമെന്റ് തുടങ്ങി പകുതി ദൂരം പിന്നിട്ടപ്പോഴാണ് ജോസേട്ടന്റെ ഈ ആറാട്ടെങ്കിൽ ഇനി എന്തൊക്കെ കാണാനിരിക്കുന്നു എന്നാണ് ആരാധകരുടെ ചിന്ത. ബട്ലറുടെ ബാറ്റിങ് കരുത്തിൽ രാജസ്ഥാൻ പോയിന്റ് ടേബിളിൽ മാത്രമല്ല, കിരീടം നേടാൻ സാധ്യതയുള്ളവരുടെ പട്ടികയിലും മുന്നിൽ നിൽക്കുന്നു.
പതിയെ സിരകളെ വരിഞ്ഞുമുറുക്കുന്ന ലഹരിയാണ് ഈ ഐപിഎൽ സീസണിൽ ജോസ് ബട്ലർ (Jos Buttler). തന്റെ ദിവസം അയാൾ ഒറ്റക്കൊരു ടീമാണ്. ഏത് ലക്ഷ്യവും അയാൾക്ക് അപ്രാപ്യമല്ലെന്ന് തെളിയിക്കുന്ന ഇന്നിങ്സുകൾ. ഐപിഎൽ സീസണിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീം തോൽക്കുമെന്ന് കണക്കുകൾ നിരത്തി വിദഗ്ധർ വിലയിരുത്തുമ്പോൾ പോയിന്റ് ടേബിളിൽ ഒന്നാമത് നിൽക്കുന്ന രാജസ്ഥാൻ ഏറ്റവും കൂടുതൽ വിജയിച്ച മത്സരങ്ങൾ ആദ്യം ബാറ്റ് ചെയ്തിട്ടായിരുന്നു. അതിനൊരൊറ്റ കാരണമേയുള്ളൂ, ജോസ് ബട്ട്ലർ. ആദ്യമായാലും രണ്ടാമതായാലും ബാറ്റു ചെയ്യുമ്പോൾ അയാൾ ഉഗ്രരൂപം പ്രാപിക്കുന്നു. ബട്ലർ ക്രീസിൽ നിൽക്കുമ്പോൾ പിച്ച് ബൗളർമാരുടെ ശവപ്പറമ്പാകുന്നു. ബൗളറുടെയും എതിർ ക്യാപ്റ്റന്റെയും എല്ലാ അസ്ത്രങ്ങളും അവസാനിക്കുന്നത് ബൗണ്ടറി വരക്കപ്പുറത്ത് മാത്രം.
ഈ സീസണിൽ ഇതുവരെ രാജസ്ഥാൻ റോയൽസ് ഏഴ് മത്സരങ്ങൾ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂ. അതിൽ മൂന്ന് സെഞ്ച്വറികളും രണ്ട് അർധ സെഞ്ച്വറികളുമായി ജോസ് ബട്ട്ലർ തിളങ്ങി നിൽക്കുന്നു. 81.83 ശരാശരിയിൽ 161.5 റൺറേറ്റിൽ ബട്ട്ലർ നേടിയത് 491 റൺസ്. ഓറഞ്ച് ക്യാപ്പിൽ എത്രയോ മുന്നിൽ. രണ്ടാമത് നിൽക്കുന്ന ലഖ്നൗ ക്യാപ്റ്റൻ കെ എൽ രാഹുൽ ഏഴ് മത്സരങ്ങളിൽ നിന്ന് നേടിയത് 265 റൺസ്. റൺ വേട്ടക്കാരുടെ പോരാട്ടത്തിൽ എത്രോയോ മുന്നിലെത്തി ബട്ലർ. തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടിയാണ് ബട്ലർ ആധികാരികമായി മുന്നേറുന്നത്. കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തക്കെതിരെ 61 പന്തിൽ നിന്ന് 103 റൺസ് നേടി. അഞ്ച് പടുകൂറ്റൻ സിക്സറുകളാണ് അന്ന് പിറന്നത്. തൊട്ടുമുമ്പ് ഗുജറാത്തിനോടുള്ള കളിയിലും ബട്ലർ അർധ സെഞ്ച്വറി നേടി കരുത്തുതെളിയിച്ചു(24 പന്തിൽ 54). ബാംഗ്ലൂരിനെതിരെ തോറ്റ മത്സരത്തിലും മുന്നിൽ നിന്ന് നയിച്ചത് ബട്ലറായിരുന്നു. 47 പന്തിൽ 70 റൺസ് നേടിയ ബട്ലർ ആറ് സിക്സറുകൾ പറത്തി. മുംബൈക്കെതിരെയായിരുന്നു ആദ്യ സെഞ്ച്വറി. 68 പന്തിൽ 11 ഫോറുകളുടെയും അഞ്ച് സിക്സറുകളുടെയും അകമ്പടിയോടെ നേടിയ 100 റൺസ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള ആദ്യമത്സരത്തിൽ 35 റൺസ് നേടി വരവറിയിച്ചു.
ടൂർണമെന്റ് തുടങ്ങി പകുതി ദൂരം പിന്നിട്ടപ്പോഴാണ് ജോസേട്ടന്റെ ഈ ആറാട്ടെങ്കിൽ ഇനി എന്തൊക്കെ കാണാനിരിക്കുന്നു എന്നാണ് ആരാധകരുടെ ചിന്ത. ബട്ലറുടെ ബാറ്റിങ് കരുത്തിൽ രാജസ്ഥാൻ പോയിന്റ് ടേബിളിൽ മാത്രമല്ല, കിരീടം നേടാൻ സാധ്യതയുള്ളവരുടെ പട്ടികയിലും മുന്നിൽ നിൽക്കുന്നു. ബട്ലറുടെ ബാറ്റിൽ നിന്ന് പറക്കുന്ന കൂറ്റൻ സിക്സറുകളിലാണ് ക്യാപ്റ്റൻ സഞ്ജു സാംസണിന്റെയും രാജസ്ഥാൻ ടീമിന്റെയും കിരീട സ്വപ്നങ്ങൾ.
