ധോണി, കോലി, എബിഡി, റിച്ചാര്‍ഡ്‌സ് തുടങ്ങിയ ഇതിഹാസ താരങ്ങള്‍ക്കൊപ്പമാണ് ബട്‌ലറുടെ സ്ഥാനമെന്ന് നാസര്‍ ഹുസൈന്‍. 

സതാംപ്റ്റണ്‍: പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ വെടിക്കെട്ട് സെഞ്ചുറി നേടിയ ജോസ് ബട്‌ലറെ പ്രശംസിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. എക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് ബട്‌ലര്‍ എന്ന് നാസര്‍ പ്രകീര്‍ത്തിച്ചു. ഏകദിന കരിയറിലെ എട്ടാം സെഞ്ചുറി നേടിയ ബട്‌ലര്‍ 50 പന്തില്‍ സെഞ്ചുറി തികച്ചിരുന്നു.

വലിയ പുകഴ്‌ത്തലുകളോട് തനിക്ക് താല്‍പര്യമില്ല. എന്നാല്‍ ഏകദിനത്തിലെ എക്കാലത്തെയും മികച്ച മൂന്നോ നാലോ താരങ്ങളില്‍ ഒരാളാണ് ബട്‌ലര്‍. വിരാട് കോലി, എം എസ് ധോണി, എ ബി ഡിവില്ലിയേഴ്‌സ്, വിവിയന്‍ റിച്ചാര്‍ഡ്‌സ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പമാണ് ബട്‌ലറുടെ സ്‌ഥാനം. ബാറ്റിംഗില്‍ അല്‍പം നേരത്തെയിറക്കിയാല്‍ ബട്‌ലര്‍ക്ക് ഗുണകരമാകുമെന്നും ഹുസൈന്‍ പറഞ്ഞു. 

പുറത്താകാതെ 55 പന്തില്‍ 110 റൺസെടുത്ത ജോസ് ബട്‍‍ലറുടെ മികവില്‍ ഇംഗ്ലണ്ട് മത്സരം വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 373 റൺസ് നേടി. 48 പന്തില്‍ 71 റൺസെടുത്ത നായകന്‍ ഓയിന്‍ മോര്‍ഗന്‍, ബട്‍ലറിന് മികച്ച പിന്തുണ നൽകി. റോയ്(87), ബെയര്‍‌റ്റോ(51), റൂട്ട്( 40) എന്നിവരും തിളങ്ങി. മറുപടി ബാറ്റിംഗില്‍ ഫഖര്‍ സമാന്‍ 106 പന്തില്‍ 138 റൺസെടുത്തെങ്കിലും പാക്കിസ്ഥാന്‍ തോറ്റു.