ഇംഗ്ലണ്ട് ടീമിലെ തന്‍റെ സഹാതാരമായ ആദില്‍ റഷീദാണ് ബട്‌ലറുടെ ഡ്രീം ഫൈവിലെ ഒരു താരം. കഴിഞ്ഞ ലോകകപ്പില്‍ 11 വിക്കറ്റ് വീഴ്ത്തിയ ആദില്‍ റഷീദ് ഇത്തവണ ഇന്ത്യയിലെ സ്പിന്‍ പിച്ചില്‍ ഇംഗ്ലണ്ടിന്‍റെ നിര്‍ണായക താരമാകുമെന്നാണ് ബട്‌ലറുടെ അഭിപ്രായം.

ഗുവാഹത്തി: ഏകദിന ലോകകപ്പിന് മുമ്പ് ഡ്രീം ഇലവനിലെ ആദ്യ അഞ്ച് താരങ്ങളെ തെരഞ്ഞെടുത്ത് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍. ലോകകപ്പിന് തൊട്ടുമുമ്പ് തന്‍റെ ഡ്രീം ഇലവനില്‍ ഈ അഞ്ച് താരങ്ങള്‍ ഉറപ്പായും ഉണ്ടാവുമെന്ന് വ്യക്തമാക്കിയാണ് ബട്‌ലര്‍ തെരഞ്ഞെടുപ്പ് നടത്തിയത്.

ഇംഗ്ലണ്ട് ടീമിലെ തന്‍റെ സഹാതാരമായ ആദില്‍ റഷീദാണ് ബട്‌ലറുടെ ഡ്രീം ഫൈവിലെ ഒരു താരം. കഴിഞ്ഞ ലോകകപ്പില്‍ 11 വിക്കറ്റ് വീഴ്ത്തിയ ആദില്‍ റഷീദ് ഇത്തവണ ഇന്ത്യയിലെ സ്പിന്‍ പിച്ചില്‍ ഇംഗ്ലണ്ടിന്‍റെ നിര്‍ണായക താരമാകുമെന്നാണ് ബട്‌ലറുടെ അഭിപ്രായം. ടൂര്‍ണമെന്‍റ് പുരോഗമിക്കുന്തോറം പിച്ചുകള്‍ക്ക് വേഗം കുറയുമെന്നതിനാല്‍ റഷീദിന് കാര്യമായ സംഭാവന നല്‍കാനാകുമെന്നാണ് ബട്‌ലറുടെ അഭിപ്രായം.

ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡി കോക്കാണ് ബട്‌ലറുടെ ലിസ്റ്റിലെ രണ്ടാമത്തെ താരം. ഈ ലോകകപ്പോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഡി കോക്ക് കഴിഞ്ഞ ലോകകപ്പില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടിയിരുന്നു. പന്തുകൊണ്ടും ബാറ്റുകൊണ്ടും നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെല്ലാണ് ബട്‌ലറുടെ ലിസ്റ്റിലെ മൂന്നാമത്തെ താരം. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ബാറ്റ് കൊണ്ട് തിളങ്ങിയില്ലെങ്കിലും അവസാന ഏകദിനത്തില്‍ നാലു വിക്കറ്റ് വീഴ്ത്തിയ മാക്‌സ്‌വെല്ലിന്‍റെ പ്രകടനമാണ് ഓസീസിന് ആശ്വാസജയം സമ്മാനിച്ചത്.

ലോകകപ്പില്‍ പാകിസ്ഥാനൊക്കെ ഇന്ത്യക്ക് പുല്ലാണ്, പക്ഷെ ഈ 4 ടീമുകള്‍ക്കെതിരെ മോശം റെക്കോര്‍ഡ്

നാലാമതായി ബട്‌ലര്‍ തെരഞ്ഞെടുത്തത് ഒരു ഇന്ത്യന്‍ താരത്തെയാണ്. മറ്റാരുമല്ല, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ. കഴിഞ്ഞ ലോകകപ്പില്‍ അഞ്ച് സെഞ്ചുറികളുമായി തകര്‍ത്താടിയ രോഹിത് ഇന്ത്യന്‍ പിച്ചുകളില്‍ ഇത്തവണയും വലിയ ഭീഷണിയാകുമെന്നാണ് ബട്‌ല്‍ പറയുന്നത്. അഞ്ചാമതായി ബട്‌ലര്‍ തെര‍ഞ്ഞെടുത്ത താരം ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍റിച്ച് നോര്‍ക്യയെ ആയിരുന്നു. എന്നാല്‍ പരിക്കുമൂലം ലോകകപ്പ് ടീമില്‍ നിന്ന് നോര്‍ക്യ പുറത്തായി. ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെയാണ് ലോകകപ്പിന് തുടക്കമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക