മെല്‍ബണ്‍: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ബാറ്റിംഗിലെ വന്‍മതിലായിരുന്നെങ്കില്‍ ഇന്ത്യയുടെ രണ്ടാം വന്‍മതിലാണ് ചേതേശ്വര്‍ പൂജാര. ഇക്കാര്യം നന്നായി അറിയാവുന്നത് ഓസ്ട്രേലിയക്കാര്‍ക്കാണ്. കാരണം ഇന്ത്യന്‍ ടീമിന്റെ കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഏഴ് ഇന്നിംഗ്സില്‍ നിന്ന് 74.42 ശരാശരിയില്‍ 521 റണ്‍സുമായി പൂജാര ടോപ് സ്കോററായപ്പോള്‍ ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി.

പരമ്പരലിയാകെ 1258 പന്തുകള്‍ നേരിട്ട പൂജാര ഓസീസ് ബൗളര്‍മാരെ തളര്‍ത്തിയിരുന്നു. മെല്‍ബണ്‍ ടെസ്റ്റില്‍ 391 പന്തില്‍ 106 റണ്‍സെടുത്ത പൂജാര ഓസീസ് ബൗളര്‍മാരുടെ ക്ഷമ പരീക്ഷിക്കുകയും ചെയ്തു. എന്തായാലും അടുത്ത തവണ ഇന്ത്യ ഓസ്ട്രേലിയയില്‍ എത്തുമ്പോള്‍ പൂജാരയെ വീഴ്ത്താനുള്ള വഴി കണ്ടെത്തിയിരിക്കുകയാണ് ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ്.

അടുത്തതവണ മെല്‍ബണില്‍ ഇന്ത്യക്കെതിരെ കളിക്കാനായി ഇറങ്ങുമ്പോള്‍ പൂജാരയെ മങ്കാദിംഗിലൂടെ പുറത്താക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് ഹേസല്‍വുഡ് പറഞ്ഞു. ഓസ്ട്രേലിയയിലെ വാര്‍ഷിക ക്രിക്കറ്റ് പുരസ്കാരദാനച്ചടങ്ങിലാണ് ഹേസല്‍വുഡിന്റെ രസകരമായ മറുപടിയെത്തിയത്.

അണ്ടര്‍ 19 ലോകകപ്പിലെ മങ്കാദിംഗ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഓസീസ് നായകന്‍ ടിം പെയ്നോടാണ് അവതാരകന്‍ ആദ്യം ചോദ്യം ഉന്നയിച്ചത്. എന്നാല്‍ മങ്കാദിംഗിന് അവസരം കിട്ടിയാലും അത് ചെയ്യില്ലെന്നും അത് ഒരുപാട്  വിവാദങ്ങള്‍ക്ക് കാരണമാകുമെന്നും പെയ്ന്‍ പറഞ്ഞൊഴിഞ്ഞു. പിന്നീട് ഓസീസ് വനിതാ ടീം ക്യാപ്റ്റന്‍ മെഗ് ലാനിംഗിനോടും ഇതേ ചോദ്യം ഉന്നയിച്ചു. ഇതിനുശേഷമായിരുന്നു ഹേസല്‍വുഡിനോടുള്ള ചോദ്യം.

അടുത്തതവണ മങ്കാദിംഗിന് അവസരം ലഭിച്ചാല്‍ മെല്‍ബണിലെ ഫ്ലാറ്റ് പിച്ചില്‍ പൂജാരയെ മങ്കാദിംഗിലൂടെ പുറത്താക്കണമെന്നാണ് ആഗ്രഹമെന്നായിരുന്നു ഹേസല്‍വുഡിന്റെ തമാശ കലര്‍ന്ന മറുപടി. അണ്ടര്‍ 19 ലോകകപ്പില്‍ അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ മുഹമ്മദ് പാക് ഓപ്പണര്‍ മുഹമ്മദ് ഹുറൈറയെ മങ്കാദിംഗിലൂടെ പുറത്താക്കിയതാണ് സമീപകാലത്ത് വിവാദമായ മങ്കാദിംഗ് പുറത്താകല്‍. കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍  ആര്‍ അ‍ശ്വിന്‍ ജോസ് ബട്‌ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയിരന്നു.