Asianet News MalayalamAsianet News Malayalam

ഇന്നത്തെ ജൂനിയേഴ്സിന് സീനിയര്‍ താരങ്ങളോട് ബഹുമാനമില്ലെന്ന് യുവി

തങ്ങളുടെ കാലത്തായിരുന്നെങ്കില്‍ കെ എല്‍ രാഹുലും ഹര്‍ദ്ദിക് പാണ്ഡ്യയും ഉള്‍പ്പെട്ട ചാറ്റ് ഷോ വിവാദം പോലെ ഒരു കാര്യം ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും യുവി പറഞ്ഞു. 

Juniors have not much respect to Seniors now Yuvraj Singh Tells Rohit Sharma
Author
Chandigarh, First Published Apr 8, 2020, 5:56 PM IST


ചണ്ഡീഗഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നിലവിലെ ജൂനിയര്‍ താരങ്ങള്‍ക്ക് സീനിയര്‍ താരങ്ങളോട് വലിയ ബഹുമാനമൊന്നുമില്ലെന്ന് യുവരാജ് സിംഗ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി ഇന്‍സ്റ്റഗ്രാം ചോദ്യോത്തരവേളയില്‍ സംസാരിക്കവെ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമും പഴയ ഇന്ത്യന്‍ ടീമും തമ്മിലുള്ള പ്രധാന വ്യത്യാസമെന്താണെന്ന രോഹിത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് യുവി ഇക്കാര്യം വ്യക്തമാക്കിയത്.

ഇപ്പോഴത്തെ ജൂനിയര്‍ താരങ്ങളില്‍ വളരെ കുറച്ചുപേര്‍ക്കെ സീനിയര്‍ താരങ്ങളോട് ബഹുമാനമുള്ളു. ഞാനൊന്നും ഇന്ത്യന്‍ ടീമിലെത്തിയ കാലത്ത് ഇങ്ങനെയായിരുന്നില്ല. നമ്മള്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ സീനിയര്‍ താരങ്ങള്‍ അത് തിരുത്തുമായിരുന്നു. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയയുടെ സ്വാധീനവും പാര്‍ട്ടി സംസ്കാരവും കാരണം സീനിയര്‍ താരങ്ങളോട് ജൂനിയര്‍ താരങ്ങള്‍ക്കുള്ള ബഹുമാനം നേര്‍ത്ത് ഇല്ലാതായിരിക്കുന്നു. ആര്‍ക്കും ആരോടും എന്തു പറയാമെന്നതാണ് സ്ഥിതിയെന്നും യുവരാജ് പറഞ്ഞു.

തങ്ങളുടെ കാലത്ത് ജൂനിയര്‍ താരങ്ങള്‍ ആളുകളോടും മാധ്യമങ്ങളോടുമെല്ലാം എങ്ങനെ പെരുമാറണമെന്ന് നിര്‍ദേശങ്ങളുണ്ടായിരുന്നു. ഇന്ന് അതൊന്നുമില്ല. തങ്ങളുടെ കാലത്തായിരുന്നെങ്കില്‍ കെ എല്‍ രാഹുലും ഹര്‍ദ്ദിക് പാണ്ഡ്യയും ഉള്‍പ്പെട്ട ചാറ്റ് ഷോ വിവാദം പോലെ ഒരു കാര്യം ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും യുവി പറഞ്ഞു. ഇന്നത്തെ യുവതാരങ്ങള്‍ക്ക് ടെസ്റ്റ് ക്രിക്കറ്റിനോട് താല്‍പര്യമില്ലെന്നും ഏകദിന ക്രിക്കറ്റും ടി20യും കളിക്കാനാണ് അവര്‍ക്ക് താല്‍പര്യമെന്നും യുവി വ്യക്തമാക്കി. 

ഇന്ത്യന്‍ ടീമില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നത് താങ്കളും കോലിയും മാത്രമാണ്. ബാക്കിയുള്ളവരെല്ലാം ടീമില്‍ വന്നും പോയും ഇരിക്കുന്നവരാണ്. ഇത്തരത്തിലുള്ള മൂന്നാം തലമുറക്കാരെക്കുറിച്ചാണ് താന്‍ പറയുന്നതെന്നും യുവി പറഞ്ഞു. എന്നാല്‍ ടീം അംഗങ്ങള്‍ക്കിടയിലെ ബന്ധം ഊഷ്മളമാണെന്നായിരുന്നു രോഹിത്തിന്റെ മറുപടി. 

ടീമില്‍ സീനിയര്‍-ജൂനിയര്‍ വ്യത്യാസങ്ങളില്ലെന്ന് തുറന്നുപറഞ്ഞ രോഹിത് താന്‍ തന്നെ ഋഷഭ് പന്ത് അടക്കം അഞ്ചോ ആറോ യുവതാരങ്ങളോട് എല്ലായ്പ്പോഴും സംസാരിക്കാറുണ്ടെന്നും വ്യക്തമാക്കി. ഞാനൊക്കെ ഇന്ത്യന്‍ ടീമില്‍ വരുമ്പോള്‍ നിറയെ സീനിയേഴ്സായിരുന്നു ടീമില്‍. സുരേഷ് റെയ്നയെും പിയൂഷ് ചൌളയെയും പോലുള്ളവരായിരുന്നു അന്ന് എനിക്കൊപ്പം ജൂനിയേഴ്സായി ഉണ്ടായിരുന്നതെന്നും രോഹിത് യുവിയോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios