തിരുവനന്തപുരം: അന്താരാഷ്ട്ര മത്സരങ്ങളിലെ അംപയറിംഗ് സ്വപ്ന സാഫല്യമെന്ന് കെ എൻ അനന്തപത്മനാഭന്‍. ഐപിഎല്ലിലെ അംപയറിംഗ് അന്താരാഷ്ട്ര മത്സരങ്ങളിൽ ഗുണമാകും. തെറ്റ് പറ്റാതിരിക്കാനാകും ശ്രമം എന്നും ഐസിസിയുടെ രാജ്യന്തര അംപയര്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ച കേരള മുന്‍താരം അനന്തപത്മനാഭന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ദീര്‍ഘകാലം ഐപിഎല്ലിലും മറ്റു ആഭ്യന്തര മത്സരങ്ങളിലും അംപയറായിരുന്നു ഈ തിരുവനന്തപുരത്തുകാരന്‍. 50 വയസിലാണ് അനന്തപത്മനാഭന്‍ നേട്ടം സ്വന്തമാക്കുന്നത്. സി ഷംസുദ്ദീന്‍, അനില്‍ ചൗധരി, വിരേന്ദര്‍ ശര്‍മ എന്നിവരാണ് രാജ്യാന്തര പാനലിലുള്ള മറ്റ് അംപയര്‍മാര്‍. നിതിന്‍ മേനോന്‍ ഐസിസിയുടെ എലൈറ്റ് പാനലിലുണ്ട്. 

ഒരുകാലത്ത് കേരള ക്രിക്കറ്റിന്റെ മേല്‍വിലാസമായിരുന്നു അനന്തപത്മനാഭന്‍. മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടും ഒരിക്കല്‍പോലും ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കാന്‍ അദ്ദേഹത്തിനായില്ല. ഇതിഹാസ സ്‌പിന്നര്‍ അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിധ്യമായതുകൊണ്ടാണ് അനന്തപത്മനാഭന് വഴിയടഞ്ഞതെന്നുള്ള വിലയിരുത്തലുകള്‍ അന്നുണ്ടായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 105 മത്സരങ്ങളില്‍ നിന്ന് 344 വിക്കറ്റും 2891 റണ്‍സും, 54 ലിസ്റ്റ് എ മത്സരങ്ങളില്‍ 87 വിക്കറ്റും 493 റണ്‍സും അനന്തപത്മനാഭന്‍റെ പേരിലുണ്ട്.