Asianet News MalayalamAsianet News Malayalam

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20ക്ക് കെസിഎ അസൗകര്യം അറിയിച്ച സംഭവം; വിമര്‍ശനവുമായി കടകംപള്ളി

അസൗകര്യം അറിയിച്ച നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് കടകംപള്ളി ഇക്കാര്യത്തില്‍ കടുത്ത വിയോജിപ്പ് അറിയിച്ചത്.  

Kadakampally Surendran reacts to KCA decision to withdraw from host INDW v SAW match
Author
Thiruvananthapuram, First Published Feb 15, 2021, 2:06 PM IST

തിരുവനന്തപുരം: അടുത്തമാസം നടക്കാനിരുന്ന ദക്ഷിണാഫ്രിക്കന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ വേദിയായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ബിസിസിഐ പരിഗണിച്ചിരുന്നു. ടി20 മത്സരങ്ങളാണ് കാര്യവട്ടത്ത് നടക്കേണ്ടിയിരുന്നത്. എന്നാല്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ബിസിസിഐ നീക്കത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇപ്പോള്‍ അസൗകര്യം അറിയിച്ച നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് കടകംപള്ളി ഇക്കാര്യത്തില്‍ കടുത്ത വിയോജിപ്പ് അറിയിച്ചത്.  

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ തുടക്കം ഇങ്ങനെ.. ''ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് മത്സരത്തിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ സ്റ്റേഡിയം വിട്ടുനല്‍കാന്‍ സാധിക്കില്ല എന്ന ബന്ധപ്പെട്ട നടത്തിപ്പ് ഏജന്‍സിയുടെ നിലപാട് അംഗീകരിക്കുവാന്‍ സാധിക്കുന്നതല്ല. അന്താരാഷ്ട്ര പ്രശംസയടക്കം നേടിയ കാര്യവട്ടം സ്റ്റേഡിയം കേരളത്തിലെ തന്നെ ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് ഹബുകളില്‍ ഒന്നാണ്. കേരളത്തിലേക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ കൂടുതലായി കൊണ്ട് വരുവാന്‍ ശ്രമിക്കുന്നതിന് പകരം വരുന്ന മത്സരങ്ങള്‍ പോലും തിരസ്‌കരിക്കുവാനുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും വകവച്ചുകൊടുക്കില്ല.'' അദ്ദേഹം കുറിച്ചിട്ടു.

കെസിഎയുടെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും വിമര്‍ശനം അവര്‍ക്കെതിരെയാണെന്നുള്ളത് പോസ്റ്റില്‍ വ്യക്തമാണ്. നേരത്തെ, സൈനിക റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന കാരണം കാണിച്ചാണ് കെസിഎ അസൗകര്യം അറിയിച്ചത്. ഇതിനെ കുറിച്ചും കടകംപള്ളി വ്യക്തമായി പോസ്റ്റില്‍ പറയന്നുണ്ട്. ആ ഭാഗം ഇങ്ങനെ.. ''ഒരുപാട് തുക മുടക്കിയും വളരെയേറെ ശ്രദ്ധയോടെയുമാണ് ക്രിക്കറ്റ് പിച്ചുകള്‍ പരിപാലനം ചെയ്യുന്നത്. റിക്രൂട്ട്‌മെന്റ് റാലി പോലെയുള്ള ഫിസിക്കല്‍ ആക്റ്റിവിറ്റികള്‍ക്ക് പ്രാധാന്യമുള്ള പരിപാടികള്‍ക്ക് സ്റ്റേഡിയം വിട്ടുനല്‍കുന്നതോടെ സാരമായ ഡാമേജ് ഗ്രൗണ്ടിലുണ്ടാകും എന്നത് സാമാന്യബോധമുള്ള ആര്‍ക്കും മനസിലാക്കാവുന്നതാണ്. പാങ്ങോട് മിലിട്ടറി ഗ്രൗണ്ടിലാണ് സാധാരണയായി ഇത്തരം റിക്രൂട്ട്‌മെന്റ് റാലികള്‍ നടക്കാറുള്ളത്. അവിടെയോ അല്ലെങ്കില്‍ സൗകര്യമുള്ള മറ്റേതെങ്കിലും സ്ഥലത്തോ റിക്രൂട്ട്‌മെന്റ് റാലി മാറ്റി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി തയ്യാറാക്കണം.'' അദ്ദേഹം വ്യക്തമാക്കി. 

ഈ വിഷയം കായികവകുപ്പ് സെക്രട്ടറിയോടും, കേരള ക്രിക്കറ്റ് അസോസിയേഷനുമായും ഞാനും സംസാരിക്കുകയുണ്ടായെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു. തീരുമാനം തിരുത്തുവാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കുവാന്‍ തയ്യാറാണെന്ന് ബിസിസിഐ യെ അറിയിക്കണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം..


അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് മത്സരത്തിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ സ്റ്റേഡിയം വിട്ടുനല്‍കാന്‍ സാധിക്കില്ല എന്ന ബന്ധപ്പെട്ട നടത്തിപ്പ് ഏജന്‍സിയുടെ നിലപാട് അംഗീകരിക്കുവാന്‍ സാധിക്കുന്നതല്ല. അന്താരാഷ്ട്ര പ്രശംസയടക്കം നേടിയ കാര്യവട്ടം സ്റ്റേഡിയം കേരളത്തിലെ തന്നെ ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് ഹബുകളില്‍ ഒന്നാണ്. കേരളത്തിലേക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ കൂടുതലായി കൊണ്ട് വരുവാന്‍ ശ്രമിക്കുന്നതിന് പകരം വരുന്ന മത്സരങ്ങള്‍ പോലും തിരസ്‌കരിക്കുവാനുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും വകവച്ചുകൊടുക്കില്ല.


ആര്‍മി റിക്രൂട്ട്‌മെന്റ്‌റാലിക്ക് വേണ്ടി പതിനഞ്ച് ദിവസത്തോളം സ്റ്റേഡിയം വിട്ടുനല്‍കിയതിനാലാണ് ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുവാന്‍ സാധിക്കാത്തത് എന്നാണ് സ്റ്റേഡിയം നടത്തിപ്പ് ഏജന്‍സിയുമായി ബന്ധപ്പെട്ടപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞത്. കേട്ടുകേള്‍വിയില്ലാത്ത ഇത്തരമൊരു തീരുമാനം എന്ത് അടിസ്ഥാനത്തില്‍ എടുത്തു എന്ന് മനസിലാകുന്നില്ല. ഒരുപാട് തുക മുടക്കിയും വളരെയേറെ ശ്രദ്ധയോടെയുമാണ് ക്രിക്കറ്റ് പിച്ചുകള്‍ പരിപാലനം ചെയ്യുന്നത്. റിക്രൂട്ട്‌മെന്റ് റാലി പോലെയുള്ള ഫിസിക്കല്‍ ആക്റ്റിവിറ്റികള്‍ക്ക് പ്രാധാന്യമുള്ള പരിപാടികള്‍ക്ക് സ്റ്റേഡിയം വിട്ടുനല്‍കുന്നതോടെ സാരമായ ഡാമേജ് ഗ്രൗണ്ടിലുണ്ടാകും എന്നത് സാമാന്യബോധമുള്ള ആര്‍ക്കും മനസിലാക്കാവുന്നതാണ്. പാങ്ങോട് മിലിട്ടറി ഗ്രൗണ്ടിലാണ് സാധാരണയായി ഇത്തരം റിക്രൂട്ട്‌മെന്റ് റാലികള്‍ നടക്കാറുള്ളത്. അവിടെയോ അല്ലെങ്കില്‍ സൗകര്യമുള്ള മറ്റേതെങ്കിലും സ്ഥലത്തോ റിക്രൂട്ട്‌മെന്റ് റാലി മാറ്റി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി തയ്യാറാക്കണം. ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് മത്സരം നമ്മുടെ നിഷേധാത്മ സമീപനത്താല്‍ നഷ്ടപ്പെടുകയാണെങ്കില്‍ ഭാവിയില്‍ കാര്യവട്ടത്തെ പരിഗണിക്കാനിടയുള്ള ഐ പി എല്‍,അന്താരാഷ്ട മത്സരങ്ങള്‍ കൂടി നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകും.ഠ20 ലോകകപ്പ് ഈ വര്‍ഷം ഇന്ത്യയിലാണ് നടക്കുന്നത് എന്നതിനാല്‍ ലോകകപ്പ് മത്സരത്തിനു ആതിഥേയത്വം വഹിക്കുവാനുള്ള അവസരം കൂടി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് എന്ന കാര്യം കൂടി നാം ഓര്‍ക്കേണ്ടതുണ്ട്.  

 
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ഈ വിഷയം സംസാരിച്ചിട്ടുണ്ടെന്നും ക്രിക്കറ്റ് മത്സരങ്ങള്‍ ഉപേക്ഷിക്കപ്പെടുന്ന അവസ്ഥ ഒരു കാരണവശാലും ഉണ്ടാകരുത് എന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നുമാണ് ഞാന്‍ മനസിലാക്കുന്നത് . ഈ വിഷയം കായികവകുപ്പ് സെക്രട്ടറിയോടും, കേരള ക്രിക്കറ്റ് അസോസിയേഷനുമായും ഞാനും സംസാരിക്കുകയുണ്ടായി. അബദ്ധജഡിലമായ ഈ തീരുമാനം തിരുത്തുവാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കുവാന്‍ തയ്യാറാണെന്ന് ബി.സി.സി ഐ യെ അറിയിക്കണമെന്നും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കടകംപള്ളി സുരേന്ദ്രന്‍

അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് മത്സരത്തിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ സ്റ്റേഡിയം...

Posted by Kadakampally Surendran on Sunday, 14 February 2021
Follow Us:
Download App:
  • android
  • ios