പത്താം വിക്കറ്റില്‍ സെനുരാന്‍ മുത്തുസ്വാമിക്കൊപ്പം 117 പന്തില്‍ 98 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ റബാദ പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കക്ക് 71 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിക്കുകയും ചെയ്തു.
ലാഹോര്‍: പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പതിനൊന്നാമനായി ഇറങ്ങി അര്‍ധസെഞ്ചുറി നേടി ബാറ്റിംഗില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് ദക്ഷിണാഫ്രിക്കൻ താരം കാഗിസോ റബാദ. പാകിസ്ഥാനെതിരെ 61 പന്തില്‍ 71 റണ്‍സടിച്ച റബാദ പതിനൊന്നാമനായി ഇറങ്ങി ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ദക്ഷിണാഫ്രിക്കൻ താരത്തിന്‍റെ ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. നാലു ഫോറും നാലു സിക്സും അടങ്ങുന്നതാണ് റബാദയുടെ ഇന്നിംഗ്സ്.
പത്താം വിക്കറ്റില്‍ സെനുരാന്‍ മുത്തുസ്വാമിക്കൊപ്പം 117 പന്തില്‍ 98 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ റബാദ പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കക്ക് 71 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിക്കുകയും ചെയ്തു.1906ല്‍ ഇംഗ്ലണ്ടിനെതിരെ കേപ്‌ടൗണില്‍ ദക്ഷിണാഫ്രിക്കക്കായി പതിനൊന്നാമനായി ഇറങ്ങി 62 റൺസടിച്ച ബെര്‍ട്ട് വ്ളോഗറുടെ റെക്കോര്‍ഡാണ് റബാദ ഇന്ന് തകര്‍ത്തത്.
അതേസമയം, ടെസ്റ്റ് ചരിത്രത്തില്‍ പതിനൊന്നാമനായി ഇറങ്ങിയ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചതിന്‍റെ റെക്കോര്‍ഡ് ഇപ്പോഴും ഓസ്ട്രേലിയന്‍ താരം ആഷ്ടൺ ആഗറുടെ പേരിലാണ്. 2013ലെ നോട്ടിംഗ്ഹാം ടെസ്റ്റില്‍ ഓസ്ട്രേലിയക്കായി പതിനൊന്നമാനായി ക്രീസിലെത്തിയ ആഗര്‍ 101 പന്തില്‍ 98 റണ്‍സടിച്ചാണ് റെക്കോര്‍ഡിട്ടത്. പതിനൊന്നാമനായി ഇറങ്ങി വെസ്റ്റ് ഇന്‍ഡീസിന്‍റെ ടിനോ ബെസ്റ്റ് 95ഉം, ഇംഗ്ലണ്ടിന്‍റെ ജെയിംസ് ആന്‍ഡേഴ്സണ്‍ 81ഉം, ഇന്ത്യയുടെ സഹീര്‍ ഖാന്‍ എന്നിവര്‍ 75 ഉം റണ്‍സടിച്ചിട്ടുണ്ട്.
പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 333 റണ്‍സിന് മറുപടിയായി ദക്ഷിണാഫ്രിക്ക 306-9ലേക്ക് തകര്‍ന്നെങ്കിലും മുത്തുസ്വാമി-റബാദ കൂട്ടുകെട്ട് അവരെ 404 റണ്‍സിലെത്തിച്ചു. പത്താമനായി ഇറങ്ങി 30 റണ്‍സടിച്ച കേശവ് മഹാരാജ് മുത്തുസ്വാമിക്കൊപ്പം 69 റൺസും ദക്ഷിണാഫ്രിക്കക്കായി കൂട്ടിച്ചേര്‍ത്തിരുന്നു.


