മലയാളിതാരം സഞ്ജു സാംസണ്‍, മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷന്‍ എന്നിവരാണ് ടീമിലുള്ള വിക്കറ്റ് കീപ്പര്‍മാര്‍. ഇരുവരും ഇതുവരെ ഏകദിന മത്സരങ്ങളില്‍ ഇന്ത്യക്കായി കീപ്പറുടെ ഗ്ലൗസ് അണിഞ്ഞിട്ടില്ല. 

ദില്ലി: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനം 18ന് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ പ്രതിരോധത്തിലാക്കാന്‍ പോകുന്നത് വിക്കറ്റ് കീപ്പര്‍മാരുടെ സ്ഥാനമാവും. മലയാളിതാരം സഞ്ജു സാംസണ്‍, മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷന്‍ എന്നിവരാണ് ടീമിലുള്ള വിക്കറ്റ് കീപ്പര്‍മാര്‍. ഇരുവരും ഇതുവരെ ഏകദിന മത്സരങ്ങളില്‍ ഇന്ത്യക്കായി കീപ്പറുടെ ഗ്ലൗസ് അണിഞ്ഞിട്ടില്ല. ടി20 മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്.

ഇന്ത്യന്‍ ജേഴ്‌സിയില്‍ ഇതുവരെ ഏഴ് ടി20 മത്സരങ്ങളാണ് സഞ്ജു കളിച്ചത്. ഇക്കഴിഞ്ഞ ന്യൂസിലന്‍ഡ്- ഓസ്‌ട്രേലിയന്‍ പര്യടനങ്ങളില്‍ സഞ്ജു ഉണ്ടായിരുന്നു. എന്നാല്‍ സ്ഥിരതയോടെ കളിക്കാന്‍ താരത്തിനായില്ല. ഇതോടെ സ്ഥാനവും തെറിച്ചു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലാണ് കിഷന്‍ അരങ്ങേറിയത്. അരങ്ങേറ്റത്തില്‍ 56 റണ്‍സ് നേടാനും കിഷന് സാധിച്ചിരുന്നു. ആരെ തിരഞ്ഞെടുക്കണമെന്നുളളത് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ ശിഖര്‍ ധവാനും തലവേദനയാവുമെന്നതില്‍ സംശയമൊന്നുമില്ല. 

എന്നാല്‍‌ സഞ്ജുവിന് ഇനിയും അവസരം നല്‍കണമെന്നാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് പറയുന്നത്. ''വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കുകയെന്നത് ടീം മാനേജ്‌മെന്റിന് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ആറ് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. വലിയൊരു സ്‌ക്വോഡും അവര്‍ക്ക് മുന്നിലുണ്ട്. എന്നാല്‍ സഞ്ജു സാംസണ്‍ കളിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

രണ്ട് വര്‍ഷമായി അദ്ദേഹം ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ന്യൂസിലന്‍ഡിലും ഓസ്‌ട്രേലിയയിലും അദ്ദേഹം കളിച്ചു. ഈ പരിചയസമ്പത്ത് പരിഗണിച്ച് സഞ്ജുവിന് അവസരം നല്‍കണം. ആദ്യത്തെ രണ്ട് ഏകദിനത്തിലും സഞ്ജുവിനെ കളിപ്പിക്കണം.'' കൈഫ് വ്യക്തമാക്കി. 

ധവാനൊപ്പം പൃഥ്വി ഷാ ഓപ്പണ്‍ ചെയ്യണമെന്നും കൈഫ് വ്യക്തമാക്കി. ''പൃഥ്വി ഷാ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണം. സൂര്യകുമാര്‍ യാദവ് മികച്ച ഫോമിലാണ്. ഹാര്‍ദിക് പാണ്ഡ്യയും ടീമിനൊപ്പമുണ്ട്. അദ്ദേഹത്തിന് ഈ പരമ്പര വളരെയേറെ പ്രധാനപ്പെട്ടതാണ്. ടീമിലെ പ്രധാനതാരം ഹാര്‍ദിക്കാണ്. അദ്ദേഹം പന്തെടുക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.'' കൈഫ് പറഞ്ഞുനിര്‍ത്തി.

ഞായറാഴ്ച്ചാണ് പരമ്പരയിലെ ആദ്യ ഏകദിന മത്സരം. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ശേഷം മൂന്ന് ടി20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലും ഇന്ത്യന്‍ ടീം കളിക്കും.