Asianet News MalayalamAsianet News Malayalam

മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായിരുന്നു, എന്നാല്‍ ഉമറിന് ലഭിച്ചത് കടുത്ത ശിക്ഷ; കമ്രാന്‍ അക്മല്‍

വാതുവെപ്പുകാര്‍ സമീപിച്ചകാര്യം അധികൃതരെ അറിയിക്കാതിരുന്നതിനാണ് നടപടി. ലാഹോര്‍ ഹൈക്കോടതി മുന്‍ ജഡ്ജി ഫസല്‍ ഇ മിറാന്‍ ചൗഹാന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

Kamra Akmal says Three-year ban harsh, Umar will challenge it
Author
Karachi, First Published Apr 28, 2020, 12:02 PM IST

കറാച്ചി: പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് മൂന്ന് വര്‍ഷം വിലക്കേര്‍പ്പെടുത്തിയ നടപടി കടുത്തുപോയെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ കമ്രാന് അക്മല്‍. കഴിഞ്ഞ ദിവസമാണ് ഉമറിനെ പാക് ക്രിക്കറ്റ് ബോര്‍ഡ് അച്ചടക്ക സമിതി മൂന്ന് വര്‍ഷത്തേക്ക് വിലക്കിയത്. വാതുവെപ്പുകാര്‍ സമീപിച്ചകാര്യം അധികൃതരെ അറിയിക്കാതിരുന്നതിനാണ് നടപടി. ലാഹോര്‍ ഹൈക്കോടതി മുന്‍ ജഡ്ജി ഫസല്‍ ഇ മിറാന്‍ ചൗഹാന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

എന്നാല്‍ വിലക്കിയ നടപടി കടുത്തുപോയെന്നാണ് കമ്രാന്‍ പറയുന്നത്. വിധിക്കെതിരെ ഉമര്‍ അപ്പീല്‍ നല്‍കുമെന്നും കമ്രാന്‍ അ്‌റിയിച്ചു. മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ തുടര്‍ന്നു.... ''അമ്പരിക്കുന്ന വിധിയാണ് പാക് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നുണ്ടായിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ വിലക്ക് കടുപ്പമേറിയതാണ്. ഉമര്‍ തീര്‍ച്ചയായും ഇതിനെതിരെ അപ്പീലിന് പോകും. മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങല്‍ ഉണ്ടായിട്ടുണ്ട്. വാതുവെപ്പുകാര്‍ മുമ്പും പാക് താരങ്ങളെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ അന്ന് കുറഞ്ഞ ശിക്ഷയാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഉമറിന് മാത്രം കടുത്ത ശിക്ഷയും.

പേരെടുത്ത് പറഞ്ഞില്ലെങ്കിലും മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് നവാസ് എന്നിവനെ ഉദ്ദേശിച്ചാണ് കമ്രാന്‍ ഇക്കാര്യം പറഞ്ഞത്. ഇരുവര്‍ക്കും നേരത്തെ ഇതേ കുറ്റത്തിന് ഐസിസി വിലക്കേര്‍പ്പെടുത്തിയിരുന്നു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഒത്തുകളിക്കാനായി വാതുവെപ്പുകാര്‍ സമീപിച്ച കാര്യം മറച്ചുവെച്ചുവെന്നതാണ് അച്ചടക്ക സമിതി ഉമറിനെതിരെ ചുമത്തിയ കുറ്റം. 

ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഫെബ്രുവരി 20ന് ഈ വര്‍ഷത്തെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിനായി കളിക്കുന്നതില്‍ നിന്ന് പാക് ബോര്‍ഡ് ഉമറിനെ വിലക്കിയിരുന്നു. തുടര്‍ന്ന് പാക് ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. മാര്‍ച്ച് 31ന് മുമ്പ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നെതെങ്കിലും നോട്ടീസിന് മറുപടി നല്‍കണ്ടെന്ന തീരുമാനത്തില്‍ അക്മല്‍ ഉറച്ചു നിന്നതോടെ പാക് ബോര്‍ഡ് തീരുമാനം അച്ചടക്ക സമിതിക്ക് വിടുകയായിരുന്നു. 

പാക് സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന രണ്ടാമത്തെ പാക് ക്രിക്കറ്റ് താരമാണ് അക്മല്‍. 2017ല്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ഷര്‍ജീല്‍ ഖാനെയും പാക് സൂപ്പര്‍ ലീഗിലെ തല്‍സമയ വാതുവെപ്പുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. പിന്നീട് ഇത് രണ്ടര വര്‍ഷമായി കുറച്ചു.

Follow Us:
Download App:
  • android
  • ios