സര്‍ഫറാസ് ഖാനെയും ഉമ്രാന്‍ മാലിക്കിനേയും ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയത് കമ്രാന്‍ അക്‌മല്‍ ചോദ്യം ചെയ്തു
മുംബൈ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കുള്ള സ്ക്വാഡുകളെ ബിസിസിഐ ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ട്വന്‍റി 20 സ്ക്വാഡിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈലിലേറ്റ തോല്‍വിയില്‍ വിമര്‍ശനം ശക്തമായിരിക്കേയാണ് രോഹിത് ശര്‍മ്മ വിന്‍ഡീസ് പര്യടനത്തിന് ടീം ഇന്ത്യയുമായി പോകുന്നത്. പര്യടനത്തിലെ ഏകദിന, ടെസ്റ്റ് സ്ക്വാഡുകളെ വിലയിരുത്തുകയാണ് പാകിസ്ഥാന്‍ മുന്‍ താരം കമ്രാന്‍ അക്‌മല്‍. ടെസ്റ്റ് ടീമിന്‍റെ കാര്യത്തിലാണ് കമ്രാന് വിമര്‍ശനമുള്ളത്. നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് ഒരു ഉപദേശം നല്‍കുന്നുമുണ്ട് കമ്രാന്‍.
രോഹിത്തിന് ഉപദേശം
'സന്തുലിതമായ ടീമിനെയാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമിന് മികച്ച തുടക്കം ആവശ്യമാണ്. ക്യാപ്റ്റന്‍സിയില്‍ രോഹിത് ശര്‍മ്മ കൂടുതല്‍ മികവ് കാട്ടണം. വിരാട് കോലി കാട്ടിയിരുന്നത് പോലെ മൈതാനത്ത് തന്‍റെ സാന്നിധ്യം അറിയിക്കണം. ക്യാപ്റ്റന്‍ രോഹിത് കൂടുതല്‍ അഗ്രസീവാകണം. രോഹിത് ശര്‍മ്മയ്ക്ക് അവസരം ലഭിച്ചിരിക്കുന്നു. കോലി പടിയിറങ്ങിയ ശേഷം ഇതുവരെ ക്യാപ്റ്റനായി മോശമല്ലാത്ത പ്രകടനമാണ് രോഹിത് കാഴ്ചവെച്ചിരിക്കുന്നത്' എന്നും കമ്രാന്‍ അക്‌മല്‍ പറഞ്ഞു.
എന്നാല്‍ ബാറ്റര്‍ സര്‍ഫറാസ് ഖാനെയും പേസര്‍ ഉമ്രാന്‍ മാലിക്കിനേയും ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയത് കമ്രാന്‍ അക്‌മല്‍ ചോദ്യം ചെയ്തു. 'എപ്പോഴും ഒന്നോ രണ്ടോ താരങ്ങളെ ചൊല്ലി ചര്‍ച്ചകളുണ്ടാകും. റെക്കോര്‍ഡുകള്‍ വച്ച് നോക്കുമ്പോള്‍ മനസിലേക്ക് വരുന്ന ഒരു പേര് സര്‍ഫറാസ് ഖാന്‍റെതാണ്. അദേഹത്തെ കളിപ്പിക്കുന്നത് എളുപ്പമല്ലെങ്കിലും ടീമിനൊപ്പം യാത്രം ചെയ്യിക്കണം. ഒരു അവസരമെങ്കിലും നല്‍കി, നിങ്ങളെ തഴയുകയല്ല, ഭാവി താരമായി കാണുകയാണ് എന്ന് സൂചന നല്‍കണം. സര്‍ഫറാസിനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ ഏറ്റവും ഉചിതമായ പരമ്പരയായിരുന്നു ഇത്. അതിവേഗ പേസുള്ള ഉമ്രാന്‍ മാലിക്കിന്‍റെ കാര്യവും ഇതുതന്നെ. വിന്‍ഡീസിലെ വരണ്ട പിച്ചില്‍ ഡ്യൂക്‌സ് ബോളില്‍ ഉമ്രാന് റിവേഴ്‌സ് സ്വിങ് കിട്ടും' എന്നും കമ്രാന്‍ പറഞ്ഞു.
Read more: മെരുക്കിയെടുത്താല്‍ അവർ പൊളിക്കും; മൂന്ന് ഭാവി പേസർമാരുടെ പേരുമായി ഇശാന്ത് ശർമ്മ

