ടീം ഇന്ത്യയുടെ ഭാവി താരങ്ങളായി മാറാൻ സാധ്യതയുള്ള മൂന്ന് പേസർമാരുടെ പേര് പറയുകയാണ് വൈറ്ററൻ പേസർ ഇശാന്ത് ശർമ്മ

ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് തലമുറ മാറ്റത്തിന് ഒരുങ്ങുകയാണ്. ബാറ്റർമാരിൽ മാത്രമല്ല, ബൗളിംഗ് നിരയിലും വലിയ മാറ്റം വരാനിരിക്കുന്നു. മുഹമ്മദ് ഷമി, ഉമേഷ് യാദവ് തുടങ്ങി പല സീനിയർ പേസർമാർക്കും പകരക്കാരനെ ഉടൻ കണ്ടെത്തിയേ മതിയാകൂ. ഇതിനാൽതന്നെ ടീം ഇന്ത്യയുടെ ഭാവി താരങ്ങളായി മാറാൻ സാധ്യതയുള്ള മൂന്ന് പേസർമാരുടെ പേര് പറയുകയാണ് വൈറ്ററൻ പേസർ ഇശാന്ത് ശർമ്മ. 

'നന്നായി ഉപയോഗിച്ചാല്‍‌‍ ഉമ്രാന്‍ മാലിക്കിന് ദീർഘകാലം ടീം ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കാനാകും. മറ്റൊരു താരം അർഷ്ദീപ് സിംഗാണ്. അധികം പേർക്ക് മുകേഷ് കുമാറിന്‍റെ കഥ അറിയില്ല. അദേഹത്തെ പോലെ സിംപിളായ മറ്റൊരാളെ അറിയില്ല. ഒരു പ്രത്യേക പന്ത് എറിയാന്‍ ആവശ്യപ്പെട്ടാല്‍ മുകേഷ് കുമാർ അത് മാത്രമേ എറിയുകയുള്ളൂ. സമ്മർദഘട്ടങ്ങളില്‍ കൃത്യമായ നിർദേശം അയാള്‍ക്ക് കൊടുത്താല്‍ മതിയാകും. ഏത് തരം പന്താണ് എറിയേണ്ടത് എന്ന് മുകേഷിന് നന്നായി അറിയാം. കടുത്ത ഓവറുകളില്‍ പന്തെറിഞ്ഞത് കൊണ്ടാണ് മുകേഷ് ഐപിഎല്ലില്‍ റണ്‍സ് വഴങ്ങിയത്. മുകേഷ് എറിഞ്ഞ ഓവറുകളുടെ സാഹചര്യമോ ആർക്കെതിരെയാണോ എറിയുന്നത് എന്നും ആരും പരിഗണിക്കില്ല. നാല് ഓവറുകളില്‍ 50 റണ്‍സ് വഴങ്ങിയത് മാത്രമാണ് ആളുകള്‍ ശ്രദ്ധിക്കുക. എട്ട് വിക്കറ്റ് പോയിരിക്കുന്ന സാഹചര്യത്തില്‍ ആന്ദ്രേ റസലാണ് ക്രീസില്‍ നില്‍ക്കുന്നതെങ്കില്‍ അയാള്‍ എന്താണ് ചെയ്യുക എന്ന് നമുക്കറിയാം. യോർക്കർ എറിയാന്‍ പരാജയപ്പെട്ടാല്‍ റസല്‍ സിക്സ് പറത്തും. നന്നായി മെരുക്കിയെടുത്താല്‍ മികച്ച പേസറായി മുകേഷ് കുമാറിനെ വളർത്തിയെടുക്കാം' എന്നും ഇശാന്ത് ശർമ്മ കൂട്ടിച്ചേർത്തു. 

ഐപിഎല്ലില്‍ ഡല്‍‌ഹി ക്യാപിറ്റല്‍സില്‍ ഇശാന്ത് ശർമ്മയുടെ സഹതാരമായിരുന്നു മുകേഷ് കുമാർ. 29കാരനായ മുകേഷ് 10 മത്സരങ്ങളില്‍ ഏഴ് വിക്കറ്റ് മാത്രം വീഴ്ത്തിയപ്പോള്‍ 10.52 ഇക്കോണമി വഴങ്ങിയിരുന്നു. ഇത് വലിയ വിമർശനത്തിന് വഴിവെച്ചെങ്കിലും നിലവില്‍ വിന്‍ഡീസിന് എതിരായ ഏകദിന, ടെസ്റ്റ് സ്ക്വാഡുകളില്‍ അംഗമാണ് മുകേഷ് കുമാർ. അതേസമയം ഏകദിന പരമ്പരയില്‍ ഉമ്രാന്‍ മാലിക്കും അർഷ്ദീപ് സിംഗും കളിക്കും. 

Read more: സർഫറാസ് ഖാനെ ടീമിലെടുക്കാത്തതിന്‍റെ കാരണം സെലക്ടറെ ചൊടിപ്പിച്ച ആഘോഷം! വെളിപ്പെടുത്തല്‍

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News