കറാച്ചി: സമകാലീന ക്രിക്കറ്റിലെ ബിഗ് ഫോറാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണും. ഇവരില്‍ ആരാണ് കേമനെന്ന ചോദ്യം എപ്പോഴും ആരാധകര്‍ക്കിടയില്‍ ഉയരാറുമുണ്ട്. പ്രധാനമായും കോലിയോ സ്മിത്തോ കേമനെന്ന ചോദ്യമാണ് ക്രിക്കറ്റ് വിദഗ്ധര്‍ക്കിടയിലും ആരാധകര്‍ക്കിടയിലും സജീവ ചര്‍ച്ചയാവാറുള്ളത്.

ഏകദിനത്തിലും ടി20യിലും കോലിയാണ് കേമനെന്ന് നിസംശയം പറയുന്നവര്‍ പോലുും ടെസ്റ്റിന്റെ കാര്യമെത്തിയാല്‍ ഒന്ന് ആലോചിക്കും. കാരണം പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം ആഷസ് പരമ്പരയിലൂടെ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ സ്മിത്തിന്റെ അസാമാന്യ പ്രകടനങ്ങള്‍ തന്നെ. മുന്‍ പാക് വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്‌മല്‍ ട്വിറ്ററില്‍ ആരാധകരുമായി നടത്തിയ ചോദ്യോത്തര പരിപാടിയില്‍ ഇക്ബാല്‍ ചാനിയ എന്ന ആരാധകനും സമാനമായ ചോദ്യവുമായി രംഗത്തെത്തി.

കോലി, സ്മിത്ത്, റൂട്ട് ഇവരില്‍ ആരാണ് മികച്ചവന്‍ എന്നായിരുന്നു ആരാധകന്റെ ചോദ്യം. രണ്ടാമതൊന്ന് ആലോചിക്കാതെ കമ്രാന്‍ അക്മലിന്റെ മറുപടിയുമെത്തി. വിരാട് കോലി തന്നെയെന്ന്.

2017ലാണ് പാക്കിസ്ഥാനായി കമ്രാന്‍ അവസാനമായി കളിച്ചത്. ദേശീയ ടീമില്‍ തിരിച്ചെത്താന്‍ സെലക്ടര്‍മാര്‍ അവസരം നല്‍കാത്തതിനെതിരെ കമ്രാന്‍ അടുത്തിടെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.