കറാച്ചി: വിക്കറ്റിന് മുന്നിലും പിന്നിലും കേമനായിരുന്നു പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍. എന്നാല്‍ മറ്റൊരു കാര്യത്തില്‍ കൂടി അദ്ദേഹം മിടുക്ക് കാണിച്ചിരുന്നു. എതിര്‍താരങ്ങളെ സ്ലഡ്ജ് ചെയ്യുന്ന കാര്യത്തിലും അദ്ദേഹം മിടുക്ക് കാണിച്ചിരുന്നു. ഇന്ത്യന്‍ താരങ്ങളുമായി പലപ്പോഴും കമ്രാന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇശാന്ത് ശര്‍മ, ഗൗതം ഗംഭീര്‍ എന്നിവരുമായി തര്‍ക്കിച്ചത് ക്രിക്കറ്റ് ആരാധകര്‍ മറക്കാനിടയില്ല.
 
2010ല്‍ നടന്ന ഏഷ്യാ കപ്പിനിടെയാണ് ഗംഭീറും കമ്രാനും കോര്‍ത്തത്. ശ്രീലങ്ക വേദിയായ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ഗംഭീര്‍ ബാറ്റ് ചെയ്യുന്നതിനിടെ അക്മല്‍ പല തവണ വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയായിരുന്നു. ഇതില്‍ അസ്വസ്ഥനായ ഗംഭീര്‍ അക്മലിനെതിരേ തിരിയുകയും ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടക്കുകയും ചെയ്തു. പിന്നീട് അംപയര്‍മാര്‍ ഇടപെട്ടാണ് ഇരുവരെയും മാറ്റിയത്.

ഇനിതെ കുറിച്ച് സംസാരിക്കുകയാണ് കമ്രാന്‍. ''ആശയകുഴപ്പം കാരണമുണ്ടായ വാക്കുതര്‍ക്കം മാത്രമാണത്. തെറ്റിദ്ധാരണയും മത്സരത്തിലെ സമ്മര്‍ദ്ദവും കാരണമുണ്ടായ പെരുമാറ്റം മാത്രമായി ഗംഭീറുമായുള്ള അന്നത്തെ ഏറ്റുമുട്ടലിനെ കണ്ടാല്‍ മതി. ഗംഭീറും താനും നല്ല സുഹൃത്തുക്കളാണ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ നിരവധി മല്‍സരങ്ങളില്‍ തങ്ങള്‍ കളിച്ചിട്ടുണ്ട്. ക്രിക്കറ്റ് പര്യടനങ്ങള്‍ക്കിടെ ഗംഭീറുമായി സംസാരിക്കാറുണ്ട്. ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടുമുണ്ട്.'' കമ്രാന്‍ പറഞ്ഞു. 

അതുപോലെ തന്നെയായിരുന്നു ഇഷാന്തുമായുള്ള ഏറ്റുമുട്ടലുമെന്നും കമ്രാന്‍ വ്യക്തമാക്കി. ''കളിക്കളത്തില്‍ സാധാരണ താന്‍ അധികം സംസാരിക്കാറില്ല. ഗൗതമും ഇഷാന്തും നല്ല വ്യക്തികളാണ്. അവരെ ഞങ്ങള്‍ ബഹുമാനിക്കുന്നു. തിരിച്ചും അങ്ങനെ തന്നെ. കളത്തില്‍ എന്തൊക്കെ സംഭവിക്കുന്നോ അതൊക്കെ അവിടെ തന്നെ അവസാനിക്കും.'' കമ്രാന്‍ പറഞ്ഞുനിര്‍ത്തി. 

പാകിസ്താനു വേണ്ടി 53 ടെസ്റ്റുകളിലും 157 ഏകദിനങ്ങളിലും 58 ടി20കളിലും അക്മല്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ 2017നു ശേഷം അദ്ദേഹം ദേശീയ ടീമിനു പുറത്താണ്.